തുരങ്കപാതയുടെ ആനക്കാംപൊയിൽ ഭാഗത്ത് സന്ദർശനത്തിനെത്തിയ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം കൊങ്കൺ റെയിൽവേ ഉദ്യോഗസ്ഥരോടൊപ്പം
കൽപറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ച കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമാണം പുനരാരംഭിക്കാൻ തയാറാണെന്ന് കൊങ്കൺ റെയിൽവേ പ്രതിനിധികൾ. പാതയുടെ ആനക്കാംപൊയിൽ തുരങ്കഭാഗം സന്ദർശിച്ച വയനാട്ടിലെ ജനപ്രതിനിധികളോടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധി സംഘം സന്ദർശിച്ചത്. നിലവിലുള്ള പ്രതിസന്ധി തീർന്നാൽ നിർമാണം തുടങ്ങാം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ സുരക്ഷിതത്വം ഉറപ്പുനൽകിക്കൊണ്ട് തുരങ്ക പാത നിർമാണം ആരംഭിക്കണമെന്ന് ജനപ്രതിനിധി സംഘം സർക്കാറിനോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ബി. സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി. ശിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാതാ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജീബ് കാരാടൻ, ബി. നാസർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. കൊങ്കൺ റെയിൽവേ കോർപറേഷൻ ചീഫ് എക്സിക്യൂട്ടിവ് എൻജിനീയർ ദിവാകർ ജോഷി, അസി. എൻജിനീയർ ഗുൽസാർ അഹമ്മദ് തുടങ്ങിയ കൊങ്കൺ റെയിൽവേ കോർപറേഷൻ ഉദ്യോഗസ്ഥരാണ് ജനപ്രതിനിധികളോട് സംസാരിച്ചത്. തുരങ്കപാതയുടെ രൂപരേഖയടക്കമുള്ള വിവിധ കാര്യങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.