സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ ഉരഞ്ഞ് കൈയറ്റുപോയ യുവാവിന് 1,40,34,550 രൂപയും അതിന്റെ എട്ടു ശതമാനം പലിശയും കോടതിച്ചെലവും നൽകാൻ വിധി. വയനാട് എം.എ.സി.ടി. കോടതി ജഡ്ജി എ.വി. ഉണ്ണി ക്യഷ്ണനാണ് നഷ്ടപരിഹാരം വിധിച്ചത്. കൈ നഷ്ടപ്പെട്ട അമ്പലവയൽ മാളിക കുന്നത്തൊടി വീട്ടിൽ അസൈനാറിന്റെ മകൻ മുഹമ്മദ് അസ്‌ലമിനാണ് (19) നഷ്ടപരിഹാരം നൽകേണ്ടത്.
2023 ജനുവരി 17നായിരുന്നു സംഭവം. അമ്പലവയൽ മാളികയിൽനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസിന്റെ ഇടതുഭാഗത്ത് സൈഡ് സീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്നു മുഹമ്മദ് അസ്‌ലം. മംഗലംകാപ്പ് എത്തിയപ്പോൾ എതിരെവന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ റോഡരികിലെ വൈദ്യുതക്കാലിൽ അസ്‌ലമിന്റെ ഇടതുകൈ ചേർത്ത് ഉരയുകയും കൈമുട്ടിന്റെ മുകളിൽവെച്ച് അറ്റുപോവുകയുമായിരുന്നു. ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കൈ തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല.
ബത്തേരിയിലെ കേരള അക്കാദമി ഓഫ് എൻജിനീയറിങ് കോളജിൽ ഫാർമസി കോഴ്സ‌് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. നഷ്ടപരിഹാരം ലഭിക്കുന്നതിന് ബത്തേരിയിലെ അഭിഭാഷകനായ ടി.ആർ. ബാലകൃഷ്ണൻ മുഖേന വയനാട് എം.എ.സി.ടി കോടതിയിൽ ഫയൽ ചെയ്ത ഹരജിയിലാണ് വിധി. അപകടത്തിൽപ്പെട്ട ബസ് ഇൻഷുർ ചെയ്തിട്ടില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സിയാണ് നഷ്ടപരിഹാര സംഖ്യ നൽകേണ്ടത്. സംഭവത്തെത്തുടർന്ന് യുവാവിനുണ്ടായ മാനസികാഘാതവും പ്രയാസവും തുടർവിദ്യാഭ്യാസവുമടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്താണ് കോടതിവിധി പ്രഖ്യാപിച്ചതെന്ന് അഭിഭാഷകനായ ടി.ആർ. ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.