ഡബ്ല്യു.സി.എസ് പട്ടയ വിഷയത്തിൽ സി.പി.എമ്മിന്റേത് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്

സുൽത്താൻ ബത്തേരി: ഡബ്ല്യു.സി.എസ് പട്ടയ വിഷയത്തിൽ സമരവും ഭരണവും ഒരുമിച്ചു നടത്തുന്ന ഇരട്ടത്താപ്പാണ് സി.പി.എമ്മിന്റേതെന്ന് കോൺഗ്രസ് സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ഭരിക്കുന്ന സർക്കാറിനെതിരെ ആ പാർട്ടിതന്നെ ഒപ്പ് ശേഖരിക്കുന്ന വിരോധാഭാസമാണ് ഇവിടെ നടക്കുന്നത്. സി.പി.എം ജില്ല സെക്രട്ടറിക്ക് വയനാട്ടിലെ ഭൂവിഷയം മുഖ്യമന്ത്രിക്കു മുന്നിൽ അവതരിപ്പിക്കണമെങ്കിൽ പൊതുജനത്തിന്റെ ഒപ്പുകൾ നിറച്ച കടലാസും, അകമ്പടിയായി സമര പ്രഖ്യാപന കൺവെൻഷനും വേണമെന്നത് വയനാട്ടിലെ സി.പി.എമ്മിനുതന്നെ അപമാനകരമാണ്. വയനാട് റെയിൽവേ, രാത്രിയാത്ര നിരോധനം, മെഡിക്കൽ കോളജ് തുടങ്ങിയ വിഷയങ്ങളിലെല്ലാം പിണറായി വിജയൻ വയനാട്ടുകാരോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് തന്നെയാണ് ഡബ്ല്യു.സി.എസ് പട്ടയ വിഷയത്തിലും തുടരുന്നത്. എൽ.എ പട്ടയങ്ങൾക്ക് മാത്രം ബാധകമായ കോടതി വിധി ഡബ്ല്യു.സി.എസ് പട്ടയഭൂമികൾക്കുകൂടി ബാധകമാക്കി ഉത്തരവിറക്കിയതിനു പിന്നിൽ ഭരണകക്ഷി നേതൃത്വത്തിന്റെ പിടിപ്പുകേടുണ്ട്. നിയമസഭയിൽ ഓർഡിനൻസ് കൊണ്ടുവന്ന് നിർമാണ നിരോധനം പിൻവലിക്കണം. പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. സക്കരിയ മണ്ണിൽ, റ്റിജി ചെറുതോട്ടിൽ, കെ.എം. വർഗീസ്, പി. ഉസ്മാൻ, വർഗീസ് തോമാട്ടുചാൽ, ശ്രീജി ജോസഫ്, വളവിൽ ഉസ്മാൻ, ജയ മുരളി, കെ.കെ. ബാബു, സന്ധ്യ രാജേന്ദ്രൻ, ജേക്കബ് ആപ്പിൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.