വയനാട്ടിൽ കഴിഞ്ഞ വർഷം 16 വീട്ടുപ്രസവങ്ങൾ

കൽപറ്റ: ജില്ലയിൽ കഴിഞ്ഞ വർഷം 16 വീട്ടുപ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്‌തതെന്ന് ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖ. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്. 2025 ജനുവരി മുതൽ ഡിസംബർ വരെ ജില്ലയിൽ 16 വീട്ടുപ്രസവങ്ങളാണുണ്ടായത്. കഴിഞ്ഞ ജനുവരിയിൽ ഒരു വീട്ടുപ്രസവം നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

2019-20 കാലയളവിൽ 62, 2020-21ൽ 77, 2021-22ൽ 49, 2022-23ൽ 42, 2023-24ൽ 42, 2024-25ൽ 24, 2025 ജനുവരി മുതൽ ഡിസംബർ വരെ 16 എന്നിങ്ങനെയാണ് ജില്ലയിൽ മുൻ വർഷത്തിൽ വീടുകളിൽ നടന്ന പ്രസവങ്ങൾ. ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ സർക്കാറിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം തദ്ദേശ വകുപ്പ് വീട്ടുപ്രസവങ്ങൾ നിരുത്സാഹപ്പെടുത്തുവാൻ ബോധവത്കരണ പ്രവർത്തനങ്ങൾ നിർദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വയനാട്ടിലെ ആദിവാസി മേഖലയിൽ വർധിതമായ വീട്ടുപ്രവസങ്ങൾ നടന്ന് വരുമ്പോഴും വിവരങ്ങൾ ആരോഗ്യവകുപ്പിന് ശേഖരിക്കുവാൻ കഴിയുന്നില്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ആരോപിച്ചു.

 വീട്ടിലെ പ്രസവം അപകടം

കൽപറ്റ: കേരളത്തിൽ വീട്ടിലെ പ്രസവങ്ങൾ വർധിക്കുന്നത് ഗൗരവതരമാണ്. മാതൃ-ശിശു മരണങ്ങൾ കൂടാൻ ഇത് കാരണമാകുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ പ്രതിവർഷം മുന്നൂറോളം വീട്ടിലെ പ്രസവങ്ങൾ നടക്കുന്നുണ്ട്. അന്ധവിശ്വാസങ്ങൾ, ആശുപത്രികളിലെ ആധുനിക ചികിത്സയോടുള്ള ഭയം, വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എന്നിവയാണ് വീട്ടിലെ പ്രസവത്തിലേക്ക് നയിക്കുന്നത്.

അശാസ്ത്രീയ രീതിയിൽ വീട്ടിൽ പ്രസവം നടത്തുന്നവർക്കെതിരെ നരഹത്യാ കേസ് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആദിവാസി മേഖലകൾ, അതിഥി തൊഴിലാളികൾ, ചില പ്രത്യേക ഗ്രൂപ്പുകൾ എന്നിവർക്കിടയിലാണ് വീട്ടിലെ പ്രസവം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

വിദഗ്ധരല്ലാത്തവരുടെ സഹായത്തോടെ വീട്ടിൽ പ്രസവിക്കുന്നത് അമിത രക്തസ്രാവം, അമ്മയുടെയും കുഞ്ഞിന്റെയും മരണം എന്നിവക്ക് കാരണമാകുന്നു. വീട്ടിലെ പ്രസവത്തിന് നേതൃത്വംനൽകുന്നവർക്കും പ്രോത്സാഹിപ്പിക്കുന്നവർക്കുമെതിരെ സർക്കാർനടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങളെ ‘മനഃപൂർവ കൊലപാതകം’എന്ന് കണ്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Tags:    
News Summary - 16 home births in Wayanad last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.