P4 Lead പുൽപള്ളി: തിങ്കളാഴ്ച പുലർച്ച മൂഴിമലയിൽ കൃഷിയിടത്തിൽ കടന്ന കാട്ടാനകൾ ആക്രമിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്ക്. കോതാട്ടുകാലായിൽ ബാബു, വേട്ടക്കുന്നേൽ സെലിൻ എന്നിവർക്കാണ് പരിക്കേറ്റത്. കൃഷിയിടത്തിൽ ആന കയറിയത് അറിയാതെ വീടിന് പുറത്ത് ഇറങ്ങിയവരെയാണ് കാട്ടാനകൾ ആക്രമിച്ചത്. ആന കൃഷിയിടത്തിലിറങ്ങിയെന്ന് പുലർച്ച സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് വീടിനു പുറത്തിറങ്ങിയ ബാബു വീടിന് സമീപത്തുകൂടി രണ്ട് ആനകൾ പോകുന്നതു കണ്ട് അതിനു പിറകെ നടക്കുമ്പോഴാണ് ഈ കൂട്ടത്തിലുണ്ടായിരുന്ന കൊമ്പനാന ഇയാൾക്കു പിറകെ എത്തിയത്. ആനകളെ കൃഷിയിടത്തിൽനിന്ന് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കൊമ്പൻ പിന്നിൽനിന്ന് വന്നത് ബാബു കണ്ടില്ല. ആനയുടെ മുമ്പിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വീണ ബാബുവിന്റെ കാലുകൾക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. ആന ബാബുവിനെ ഓടിക്കുന്നതു കണ്ട പരിസരവാസികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയായിരുന്നു. ഇതുകൊണ്ടുമാത്രമാണ് ആന ഇയാളെ ആക്രമിക്കാതെ പോയത്. ശബ്ദം കേട്ട് പരിസരവാസികളായ ജോസുകുഞ്ഞും ഭാര്യ സെലിനും വീടിനു പുറത്തിറങ്ങി സമീപത്തെ റോഡിലേക്ക് നോക്കുമ്പോൾ രണ്ടാനകൾ കൃഷിയിടത്തിൽനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടു. ഇതു ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിൽനിന്നും വന്ന മറ്റൊരു കൊമ്പനാന തങ്ങൾക്കുനേരെ വരുന്നത് ഇവരറിഞ്ഞില്ല. ഈ ആനയാണ് ദമ്പതികളെ ഓടിച്ചത്. രക്ഷപ്പെടാൻ ഓടുന്നതിനിടയിൽ വീണാണ് സെലിന് പരിക്കേറ്റത്. സെലിൻ ആനയുടെ മുന്നിൽനിന്ന് നിസ്സാര പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാനകൾ ഈ മേഖലയിൽ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. തിങ്കളാഴ്ച പുലർച്ച ആറിനാണ് പ്രദേശത്ത് ആനകളിറങ്ങിയത്. പ്രദേശത്തെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ ആനകൾ വലിയ നാശനഷ്ടങ്ങൾ വരുത്തി. ബേബി കോതാട്ടുകാലായിൽ, ഭാസ്കരൻ കുടിലിൽ, ഓമന കുടിലിൽ, ബിനു പേരുക്കുന്നേൽ തുടങ്ങിയ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ നൂറുകണക്കിനു വാഴകൾ, തെങ്ങ്, കമുക് തുടങ്ങിയ വിളകൾ ആനക്കൂട്ടം തിന്നും ചവിട്ടിയും നശിപ്പിച്ചു. ഏതാനും മാസങ്ങൾക്കു മുമ്പ് ഇവിടെ ഒരു ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. ഈ മേഖലയിൽ വനാതിർത്തിയിലെ പ്രതിരോധ കിടങ്ങുകളും വൈദ്യുതവേലികളുമൊന്നും പ്രവർത്തനക്ഷമമല്ല. ഇത് ആനകൾക്ക് നിർബാധം കൃഷിയിടങ്ങളിൽ കയറാൻ സഹായകമാകുന്നു. വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും വനംവകുപ്പ് ഇക്കാര്യത്തിൽ നിസ്സംഗത പുലർത്തുകയാണ്. MONWDL5 പുൽപള്ളി മൂഴിമലയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ തെങ്ങ് നശിപ്പിച്ചനിലയിൽ മഴക്കാലം: വേണം, വളര്‍ത്തുമൃഗങ്ങൾക്കും കരുതൽ *പദ്ധതിയുടെ ആദ്യഘട്ട പരിശീലനം സമാപിച്ചു കൽപറ്റ: 'മഴക്കാല മുന്നൊരുക്കം വളര്‍ത്തുമൃഗങ്ങള്‍ക്കായി' പദ്ധതിയുടെ ആദ്യഘട്ട പരിശീലനം ജില്ലയിൽ സമാപിച്ചു. ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, തദ്ദേശ വകുപ്പ്, ജില്ല മൃഗസംരക്ഷണ വകുപ്പ്, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും അപകടസാധ്യതയുള്ള പനമരം, മൂപ്പൈനാട്, മേപ്പാടി, തിരുനെല്ലി പഞ്ചായത്തുകളിലാണ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയവയിൽനിന്ന് കന്നുകാലികളെയും സഹജീവികളെയും സംരക്ഷിക്കുന്നതിനാണ് പരിപാടി നടത്തിയത്. വാർഡ് തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ, രക്ഷാ സംഘങ്ങൾ തുടങ്ങിയവയുടെ കഴിവ് വളർത്തിയെടുക്കുകയാണ് ആദ്യഘട്ട പ്രവർത്തനം. ദുരന്തനിവാരണ വികസനത്തിനൊപ്പം, വാർഡ് തലത്തിൽ മൃഗങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷ സംഘം രൂപവത്കരിക്കുക, വാർഡ് തലത്തിൽ മൃഗങ്ങൾക്ക് താൽക്കാലിക അഭയകേന്ദ്രങ്ങൾ കണ്ടെത്തുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് അംഗങ്ങൾ, ജില്ല എമർജൻസി ഓപറേഷൻ സെല്ലിന്റെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പഞ്ചായത്ത് പ്രതിനിധികൾ പരിപാടികളിൽ പങ്കാളികളായി. ദ്വിദിന പരിശീലന പരിപാടിയിൽ പൊതുവായ തയാറെടുപ്പ് നടപടികൾ, മൃഗങ്ങൾക്കുള്ള പ്രഥമശുശ്രൂഷ, ഓരോ വാർഡിലെയും അപകടസാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിയൽ, മൃഗങ്ങളെ ഒഴിപ്പിക്കാനുള്ള സ്ഥലങ്ങൾ, അടിയന്തര ഘട്ടങ്ങളിൽ ഭൂപടങ്ങളുടെ ഉപയോഗം, മെറ്റീരിയൽ വിതരണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. ഡോ. കരുണാകരൻ, അഖിൽ ദേവ്, ഡോ. രതീഷ്, റിൻസ്, എസ്. പ്രവീൺ, എ.കെ. ജയ്ഹരി എന്നിവർ പരിശീലകരായിരുന്നു. അധ്യാപക നിയമനം മാനന്തവാടി: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ ജൂണ്‍ രണ്ടിനു രാവിലെ 9.30 നും കോമേഴ്സ് വിഷയത്തില്‍ ജൂണ്‍ മൂന്നിന് രാവിലെ 9.30 നും കൂടിക്കാഴ്ച നടക്കും. ഫോണ്‍: 8547005060, 9387288283. സുല്‍ത്താന്‍ ബത്തേരി: ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ മലയാളം (പാർട് ടൈം) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക കൂടിക്കാഴ്ച ജൂണ്‍ രണ്ടിന് രാവിലെ 11ന് നടക്കും. ഫോണ്‍: 04936 220147.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.