ആമയിഴഞ്ചാൻ തോട്ടിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂമ്പാരം തള്ളിയ നിലയിൽ
തിരുവനന്തപുരം: മാലിന്യം വലിച്ചെറിയരുതെന്ന പ്രചാരണവുമായി സർക്കാർ ബോധവത്കരണം ആരംഭിക്കുന്നു. മാലിന്യശേഖരണവും സംസ്കരണവും സംസ്ഥാനത്ത് പലപ്പോഴും കീറാമുട്ടിയാണ്. അതിനാൽ, വിദ്യാർഥികൾക്കിടയിൽ ഇത്തരം ബോധവത്കരണം നടത്തിയാൽ മാലിന്യപ്രശ്നം ഒരുപരിധി വരെ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്കൂളുകളിൽ ‘വലിച്ചെറിയൽ മുക്ത ക്യാമ്പസ്’ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി തിങ്കളാഴ്ച നിർവഹിക്കും. തിരുവനന്തപുരം കോട്ടൺഹിൽ ജി.എച്ച്.എസ്.എസിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലും.
വലതുവശത്ത് മാലിന്യം തള്ളുന്നത് തടയാൻ കോർപറേഷൻ സ്ഥാപിച്ച ഇരുമ്പുവല വേലി കാണാം
ശുചിത്വ വിദ്യാലയം -ഹരിത വിദ്യാലയം പ്രചാരണത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. പ്ലാസ്റ്റിക്കുകൾ, മറ്റു മാലിന്യങ്ങൾ എന്നിവ സ്കൂൾ കാമ്പസുകളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുകയാണ് ലക്ഷ്യം. എല്ലാ സ്കൂളുകളിലും ജൈവ, അജൈവമാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കാനുള്ള പദ്ധതികൾ സ്കൂളുകളിലെ സാഹചര്യമനുസരിച്ച് ആസൂത്രണം ചെയ്യണം.
മൂന്നുവർഷം കൊണ്ട് കുട്ടികളിൽ ശാസ്ത്രീയാവബോധം സൃഷ്ടിക്കാനും ശുചിത്വശീലമുണ്ടാക്കാനും അവ ജീവിതമൂല്യങ്ങളാക്കി മാറ്റാനും ഈ പ്രചാരണം സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവർത്തനം ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.