കോടികൾ കടമെടുത്തിട്ടും വെള്ളം കുടിച്ച് ജല അതോറിറ്റി

തിരുവനന്തപുരം: ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കുന്നതിനായി നബാർഡിൽ നിന്നെടുക്കുന്ന വായ്പയുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയെ വെള്ളം കുടിപ്പിച്ച് സർക്കാർ. ആദ്യഘട്ടമായി വായ്പയെടുക്കാൻ അനുവദിച്ച തുകയിൽ നിന്ന് ജല അതോറിറ്റിക്ക് കിട്ടുന്ന തുക കുറച്ചതടക്കമുള്ള നടപടികൾ ഇതിനകം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി ജല അതോറിറ്റി മുഖേന നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 9000 കോടി രൂപ നബാർഡിൽ നിന്ന് വായ്പ എടുക്കാനാണ് സർക്കാർ അനുമതി നൽകിയിരുന്നത്. ഈ തുകയിൽ ആദ്യ ഗഡുവായി 5000 കോടി വായ്പ സ്വീകരിച്ചതിൽ 4442 കോടി ജല അതോറിറ്റിക്ക് ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ തുക 3250 കോടിയായി കുറവ് വരുത്തി സർക്കാർ ഉത്തരവിടുകയായിരുന്നു.

റോഡ് പൂനർനിർമിക്കുന്ന ഇനത്തിൽ പൊതുമരാമത്ത് വകുപ്പിന് നൽകാനുള്ള 650 കോടി ഉൾപ്പെടെ പല ഇനത്തിലും സർക്കാർ വഹിക്കേണ്ട ചെലവുകൾ നബാർഡ് വായ്പയിൽ നിന്ന് കുറച്ചാണ് ജല അതോറിറ്റിക്ക് നൽകുന്നതത്രെ. ഇതുമൂലം ജല അതോറിറ്റിക്ക് 2000 കോടി മാത്രമേ ഇപ്പോൾ ലഭിക്കുകയുള്ളു എന്ന വിവരവും പുറത്തുവന്നു. ജിക്കാ പദ്ധതിക്കായി എടുത്ത വായ്പയുടെ പലിശ ഈ തുകയിൽ വകയിരുത്തുവാനുള്ള നീക്കവും ഉന്നതതലത്തിൽ നടക്കുന്നുണ്ടത്രെ.

അതിനിടെ ഇപ്പോൾ എടുത്ത 5000 കോടിക്ക് പുറമേ 4000 കോടി രൂപ അടുത്തഘട്ട വായ്പ അനുവദിക്കാനുള്ള അപേക്ഷ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ജൽ ജീവൻ മിഷൻ പദ്ധതി വഴി നൽകുന്ന കണക്ഷനുകളിൽ നിന്നു ലഭിക്കുന്ന വരുമാനം വിനിയോഗിച്ച് വായ്പാ തിരിച്ചടവ് നടത്താനാണ് നിർദേശം. ഈ വരുമാനത്തിന് ഉപരിയായി വരുന്ന തുക സർക്കാർ വഹിക്കും എന്നാണ് ഇപ്പോഴത്തെ ധാരണ.

ഇപ്രകാരം നൽകുന്ന കണക്ഷനുകളിൽ നിന്നു ലഭിക്കുന്ന പ്രതിമാസ വരുമാനം 12 കോടി രൂപയിൽ താഴെ മാത്രമാണ്. ഏകദേശം 80 കോടിക്ക് മുകളിൽ പ്രതിമാസം തിരിച്ചടവാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ജൽജീവൻ മിഷൻ വായ്പാ തിരിച്ചടവ് ജല അതോറിറ്റിക്കും സർക്കാറിനും വലിയ ബാധ്യതയാണ് സൃഷ്ടിക്കുകയെന്ന് ആശങ്കയുണ്ട്. സർക്കാർ നടപടികൾ തിരുത്തണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തി. 

Tags:    
News Summary - Water Authority in crisis despite borrowing crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.