representative image
പോത്തൻകോട് :ഭർതൃ സഹോദരൻ പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ഗുരുതര പരിക്കുകേളേടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരുന്ന് മരണത്തിന് കീഴടങ്ങിയ വൃന്ദയുടെ വേർപാട് താങ്ങാനാകാതെ പോത്തൻകോട് കാവുവിള തെറ്റിച്ചിറ ഗ്രാമം ഒൻപതു വയസ്സുകാരനായ സിദ്ധാർത്ഥിനെയും അഞ്ചു വയസ്സുകാരനായ സാരംഗിനേയും ഒരു നോക്കു കാണാനാകാതെയണ് വൃന്ദ മരണത്തിന് കീഴടങ്ങിയത്.
അമ്മയുടെ അവസ്ഥ താൻ ജീവന് തുല്യം സ്നേഹിച്ച തന്‍റെ മക്കൾ കാണരുതെന്ന് ആഗ്രഹിച്ച വൃന്ദ മക്കളെ ആശുപത്രിയിൽ കൊണ്ടുവരുന്നതും വിലക്കിയിരുന്നു. പോത്തൻകോട് കാവുവിള തെറ്റിച്ചിറ വൃന്ദ ഭവനിൽ വൃന്ദ (28) യാണ് ചൊവ്വാഴ്ച രാത്രി പത്തര മണിയോടെ മരിച്ചത്.ഈ കഴിഞ്ഞ സെപ്തംബർ 29 ബുധനാഴ്ചയാണ് വാവറയമ്പലം കാവുവിളയിലെ തയ്യൽ കടയിൽ വച്ച് വൃന്ദയുടെ ഭർത്താവിന്റെ അനുജനായ സിബിൻ ലാൽ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചത്.
കാവുവിളയിലെ കടയിൽ തയ്യൽ പഠിക്കാനെത്തിയ വൃന്ദയെ പെട്രോൾ ദേഹത്ത് ഒഴിച്ചു തീയിടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പോത്തൻകോട് പൊലീസെത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എഴുപത്തഞ്ച് ശതമാനം പൊള്ളലേറ്റ വൃന്ദ അന്നുമുതൽ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏഴു മാസത്തോളമായി ഭർത്താവ് സബിൻ ലാലുമായി പിണങ്ങി കഴിയുകയായിരുന്നു വൃന്ദ. പണത്തിന്‍റെ വസ്തുവിന്റെയും പേരിൽ നിരവധി തവണ വൃന്ദ മർദ്ദനത്തിനിരയായതായി ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിന് ഒരാഴ്ച മുന്നേ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി പെടുത്തിയിരുന്നു. പലതവണ പോത്തൻകോട് പോലീസിൽ പരാതി നൽകിയിട്ടും നടപടി ഒന്നുമുണ്ടായില്ലെന്നും പരാതിയുണ്ട്. കൊലപാതകത്തിന് കൂട്ടുനിന്ന ഭർത്താവിനെയും ഭർത്താവിന്റെ അച്ഛനെയും പ്രതി ചേർക്കണമെന്നാ വശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് വൃന്ദയുടെ അച്ഛൻ വിജയൻ പറഞ്ഞു. അക്രമശേഷം കാറിൽ രക്ഷപ്പെട്ട പ്രതിയെ ഈഞ്ചയ്ക്കലിൽ വച്ച് ഒരുമണിക്കൂറിനകം വഞ്ചിയൂർ, പൂന്തുറ സ്റ്റേഷനുകളിലെ പൊലീസ് പിടികൂടുകയായിരുന്നു. കൃത്യത്തിന് ശേഷം മദ്യത്തിൽ വിഷം ചേർത്ത് കഴിച്ചതായി ഇയാൾ പൊലീസിനോടു പറഞ്ഞതിനാൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. അപകട നില തരണം ചെയ്ത ഇയാൾ റിമാൻഡിലാണ്. വൃന്ദയുടെ മരണത്തോടെ റിമാന്റിലുള്ള പ്രതിയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പോത്തൻകോട് പൊലീസ് പറഞ്ഞു. യുവതി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി കിട്ടിയാൽ മാത്രമേ കേസിൽ ഗൂഡാലോചനയും കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് വ്യക്തമാകുകയുള്ളൂ. അതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.