ടി.എസ് കനാൽ നവീകരണത്തെ തുടർന്ന് താഴെവെട്ടൂർ ഭാഗത്തെ കനാൽക്കരയിലെ മണ്ണിടിച്ചിന്റെ ദൃശ്യം. കനാലിന് കുറുകെ ഏതുനേരവും നിലം പൊത്താവുന്ന നിലയിലായ നടപ്പാലവും കാണാം
വർക്കല: ടി.എസ് കനാലിന്റെ താഴെ വെട്ടൂർ പ്രദേശത്ത് മണ്ണിടിച്ചിൽ വ്യാപകമാകുന്നു. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി ടി.എസ് കനാലിന്റെ വീതികൂട്ടൽ പദ്ധതിയാണ് മണ്ണിടിച്ചിലിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കനാൽ നവീകരണവും അനുബന്ധ നിർമാണ പ്രവൃത്തികളും താഴെവെട്ടൂർ ഭാഗത്ത് തുടരുമ്പോൾതന്നെയാണ് പലയിടങ്ങളിലായി വൻതോതിൽ മണ്ണിടിഞ്ഞ് പതിക്കുന്നത്. മഴക്കാലത്ത് ഭീതാജനകമാം വിധമാണ് മണ്ണിടിഞ്ഞു പതിച്ചത്. കനാൽ വീതി കൂട്ടാൻ ഇൻലാന്റ് നാവിഗേഷൻ, മൈനർ ഇറിഗേഷൻ വകുപ്പുകൾ സംയുക്തമായാണ് പദ്ധതികൾ ആവിഷ്കരിച്ചത്. കനാലിലെ ഓരോ മേഖലയിലും എത്ര മീറ്റർ വീതം വീതിയും ആഴയും കൂട്ടണമെന്നൊക്കെയുള്ള കൃത്യമായ പദ്ധതിയും പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാൽ കരാറെടുത്ത് പണികൾ തുടങ്ങിയവർ ഈ നിർദ്ദിഷ്ട കണക്കുകളെല്ലാം അപ്പാടെ വിസ്മരിക്കുകയായിരുന്നു. അവർ തന്നിഷ്ടപ്രകാരം വീതിയും ആഴവും തിട്ടപ്പെടുത്തി.അതുപ്രകാരം കണക്കും കൈയുമില്ലാതെ കനാൽക്കരകൾ ഇടിച്ചു മറിച്ചു.
ഇതുവഴി വൻ മണൽക്കൊള്ളയാണ് നടന്നതും ചിലയിടങ്ങളിലൊക്കെ ഇപ്പോഴും തുടരുന്നതും. താഴെ വെട്ടൂർ ചാലക്കര - തുരപ്പിൻമുകൾ ഭാഗത്തും വെട്ടൂർ ചൂളപ്പുര - ടി.ബി റോഡിലെയും കരഭാഗങ്ങളാകെ ഇടിഞ്ഞുവീണ് ഭീമമായ തോതിൽ മണ്ണ് നവീകരണം പകുതി മുക്കാലും പൂർത്തിയായ കനാലിലേക്ക് തന്നെ പതിക്കുന്നുണ്ട്. വെട്ടൂർ കനാലിന്റെ ഒരുഭാഗത്തെ ചാലക്കരയിൽ നിന്ന് തുരങ്കത്തിന് മുൻഭാഗം വരെ നീളുന്ന നടപ്പാതയുടെ ഓരങ്ങളിലും പകുതിയിലധികം ഭാഗവും മണ്ണിളകി വീണ നിലയിലുമാണ്. ഇവിടുത്തെ നടപ്പാതയും റോഡരികിലെ വൈദ്യുതി പോസ്റ്റുകളും ബലക്ഷയത്തിലായ നിലയിലാണ്. നടപ്പാത മാത്രമല്ല ഇലക്ട്രിക് പോസ്റ്റുകളും ഏതുസമയവും കനാലിലേക്കു പതിക്കാമെന്ന നിലയിൽ അത്യന്തം ഗുരുതരമായ നിലയിലാണ് കാര്യങ്ങൾ. ടി.എസ് കനാലിലുള്ള പ്രശസ്തമായ വർക്കല തുരങ്കങ്ങളിലെ താഴെവെട്ടൂർ ചെറിയ തുരങ്കത്തിന് പരിസരത്താകെയും മണ്ണിടിഞ്ഞ് പതിക്കുന്നുണ്ട്. കനാലിനോട് ചേർന്നുള്ള ഉയർന്ന ഭാഗത്ത് നിന്നു വലിയതോതിലാണ് മൺതിട്ടകൾ ഇടിഞ്ഞു പതിക്കുന്നത്.
തന്മൂലം കനാൽപ്പരപ്പിനും മുകളിലുള്ള വീടുകളുടെ സുരക്ഷിതത്വത്തിനും വലിയ ഭീഷണിയായിട്ടുണ്ട്. ചാലക്കര പ്രദേശത്തും ടൂറിസ്റ്റ് ബംഗ്ലാവ് പരിസരങ്ങളിലും മത്സ്യത്തൊഴിലാളികളും അല്ലാത്തവരുമായ അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ പാവങ്ങളെല്ലാം ഇപ്പോൾ അപകട മുനമ്പിലാണ്. താഴെവെട്ടൂർ ജങ്ഷനിൽ നിന്നും ചാലക്കര മേഖലയിലേക്ക് കടന്നുചെല്ലാനുള്ള ഏക മാർഗം കനാലിനു കുറുകെയുള്ള ചെറിയൊരു നടപ്പാലമാണ്. ഈ അടുത്ത കാലത്ത് നിർമിച്ച ഈ പുതിയ പാലവും അപകടഭീഷണിയിലായിട്ടുണ്ട്. കനാലിനു മറുവശത്തുള്ള പ്രദേശമായ ടൂറിസ്റ്റ് ബംഗ്ലാവ് - ടി.ബി റോഡ് ഭാഗത്ത് മുമ്പേ തന്നെ മണ്ണിടിച്ചിൽ നേരിട്ടതുമാണ്. തന്മൂലം ഇവിടുത്തെ റോഡിൽ വലിയൊരു ഗർത്തവും രൂപപ്പെട്ടു. ഇത് മേഖലയിലെ ഗതാഗതം മുടക്കുന്ന തരത്തിലുമായി. കാർ ഉൾപ്പെടെയുള്ള ഒരുവിധം വലിയ വാഹനങ്ങൾക്കു പോലും കടന്നുപോകാമായിരുന്ന ഈ റോഡിലൂടെ ഇപ്പോൾ ബൈക്കുകൾക്ക് കഷ്ടിച്ചു കടനനു പോകാമെന്ന നിലയിലാണ് കാര്യങ്ങൾ.
കനാൽ നവീകരണം തുടങ്ങും മുമ്പേ തന്നെ വെട്ടൂരിലെ ജനപ്രതിനിധികളും രാഷ്ട്രീയ,സാമൂഹ്യ പ്രവർത്തകരും മേഖലയിൽ ശാസ്ത്രീയ പഠനം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. താഴെവെട്ടൂർ മുതൽ റാത്തിക്കൽ,അരിവാളം, ഒന്നാംപാലം വരെയുള്ള കനാൽക്കര ഭാഗം മണ്ണും മണലും എക്കലും കൂടിച്ചേറന്ന് പശിമ കുറഞ്ഞ പ്രത്യേകതരം ഭൂഘടനയാണെന്നും വ്യാപകമായ മണ്ണിടിച്ചിലിനും പാരിസ്ഥിതിക, ജീവൽപ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും അധികൃതരെ അറിയിച്ചതുമാണ്. എന്നാൽ ധിക്കാരപരമായ സമീപനമാണ് ബന്ധപ്പെട്ടവർ കൈക്കൊണ്ടത്. ദുരഭിമാനം വെടിഞ്ഞ് ബന്ധപ്പെട്ട വകുപ്പുകൾ പ്രശ്നത്തിൽ ഇടപെട്ട് ശാസ്ത്രീയമായ പരിഹാരം ഉണ്ടാക്കണമെന്നും ജനങ്ങളുടെയും പ്രകൃതിയുടെയും നിലനിൽപ്പ് അപകടമുക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.