മേനംകുളത്ത് വ്യവസായ വകുപ്പിനു കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിലുണ്ടായ വൻ തീപിടിത്തം

കോവളത്തും മേനംകുളത്തും വൻ തീപിടിത്തം

• അവശരായ അമ്മയെയും മകളെയും രക്ഷിച്ചു

കോവളം: കോവളത്ത് ഒഴിഞ്ഞ പറമ്പിൽ വൻ തീപിടിത്തം; സമീപത്തെ വീടിനുള്ളിൽ കുടുങ്ങി പുകശ്വസിച്ച് അവശരായ അമ്മയെയും മകളെയും ഫയർഫോഴ്സ് അധികൃതർ രക്ഷപ്പെടുത്തി. വിഴിഞ്ഞം ഫയർസ്റ്റേഷനിലെ എ.എസ്.ടി.ഒ. ഷാജി, ലീഡിങ് ഫയർമാൻ സന്തോഷ് കുമാർ എന്നിവരുടെ അവസരോചിതമായ ഇടപെടലാണ് രണ്ട് ജീവനുകൾക്ക് രക്ഷയായത്.

പുക കനത്തതോടെ പലരും വീടുകൾക്ക് പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. വ്യാഴം ഉച്ചക്ക് പന്ത്രണ്ടരയോടെ കോവളം നാരകത്തുംവിളയിലെ ഇരുപത് ഏക്കറോളം വരുന്ന സ്വകാര്യ ഭൂമിയിലാണ് തീപിടിത്തമുണ്ടായത്. സമീപത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകളിൽ നിന്ന് പടർന്ന തീ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. കാറ്റിന്റെ ശക്തിയിൽ നിയന്ത്രണാതീതമായ തീയും പുകയും സമീപമുള്ള വീടുകളിൽ നിറഞ്ഞതാണ് ജനങ്ങളെ വലച്ചത്.

പലരും വീടുവിട്ട് പുറത്തേക്ക് ഓടിയെങ്കിലും പുക കാരണം പുറത്തിറങ്ങാൻ പാറ്റാത്തവിധം വീട്ടിനുള്ളിൽ കുടുങ്ങിയ സരസമ്മ (65), രഞ്ജിനി (35) എന്നിവരെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി പുറത്തെത്തിച്ചത്. പുക ശ്വസിച്ച ഇവർക്ക് ശ്വാസതടസവുമുണ്ടായി. ഉയരത്തിൽ വളർന്ന പുൽച്ചെടികൾ വീടിന്റെ മതിൽ മൂടിക്കിടന്നതിനാൽ വീട്ടിൽ ആൾക്കാർ കുടുങ്ങിയ വിവരം ആദ്യം അധികൃതർ അറിഞ്ഞിരുന്നില്ല.

സരസമ്മയുടെ വീട്ടിലേക്ക് തീ പടരാതിരിക്കാൻ മതിൽ ചാടിക്കടന്ന് എത്തിയ സന്തോഷ് കുമാർ മുറ്റത്തെ പൈപ്പിൽ നിന്ന് വെള്ളമെടുത്ത് തീ അണക്കാനുള്ള ശ്രമം നടത്തി. ഇതിനിടയിലാണ് പുക കൊണ്ട് മൂടിയ വീടിനുള്ളിൽ നിന്നുള്ള ആളനക്കം ശ്രദ്ധയിൽപ്പെട്ടത്. അപകടം മനസിലാക്കായ സന്തോഷ് കുമാർ സമീപത്തുണ്ടായിരുന്ന എ.എസ്.ടി.ഒ. ഷാജിയെ വിവരമറിയിച്ചു. രണ്ടു പേരും ചേർന്ന് രഞ്ജിനിയെ രക്ഷപ്പെടുത്തി റോഡിൽ എത്തിച്ചപ്പോഴാണ് സരസമ്മ കുടുങ്ങിക്കിടക്കുന്ന വിവരമറിഞ്ഞത്. കനത്ത പുകയെ വക വെക്കാതെ വീടിനുള്ളിൽ കയറിയ അധികൃതർ സരസമ്മയെയും രക്ഷിച്ച് പുറത്തെത്തിച്ച് പ്രഥമശുശ്രൂഷയും നൽകി. ഏറെനേരത്തെ വിശ്രമത്തിനു ശേഷം ഇവർ വീട്ടിലേക്ക് മടങ്ങി.

വലിയ ഫയർ റെസ്ക്യൂ വാഹനങ്ങൾ എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്തുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്സ് അധികൃതർക്ക് രണ്ടരമണിക്കൂറോളം കഠിനപ്രയത്നം നടത്തേണ്ടിവന്നു. മണക്കാട് സ്വദേശിയായ ഹമീലയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. വിഴിഞ്ഞത്തു നിന്ന് രണ്ട് യൂനിറ്റ് വാഹനങ്ങൾ എത്തിയിരുന്നു. സ്റ്റേഷൻ ഓഫിസർ പ്രമോദ്, എ.എസ്.ടി.ഒ .ഷാജി, ഗ്രേഡ് എ.എസ്.ടി.ഒ ശിവൻ, ഗ്രേഡ്സീനിയർ ഫയർആൻറ് റസ്ക്യൂ ഓഫിസർമാരായ വിനോദ്, സന്തോഷ് കുമാർ, എഫ്.ആർ.ഒമാരായ അനുരാജ്, സുരേഷ്, രതീഷ്, വിജയരാജ്, ബിജു, പ്രദീപ് എന്നിവർ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

• മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പുകപടലം

കഴക്കൂട്ടം: മേനംകുളത്ത് വ്യവസായ വകുപ്പിനു കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വൻ തീപിടിത്തം. ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ 10 യൂനിറ്റുകൾ മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് തീ ആളിക്കത്തുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് കഴക്കൂട്ടം ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ്, വി.എസ്.എസ്.എസ്.സി, ഐ.എസ്.ആർ.ഒ എന്നിവിടങ്ങളിൽ നിന്നുള്ള 10 യൂനിറ്റും എയർപോർട്ടിൽ നിന്നെത്തിയ അത്യാധുനിക സംവിധാനത്തോടുകൂടിയ പാന്തൽ യൂനിറ്റും ചേർന്നാണ് തീ കെടുത്തിയത്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ശക്തമായ പുകപടലം ഉണ്ടായതോടെ നാട്ടുകാർ കൂടുതൽ ഭീതിയിലായി. ഇതിനോടു ചേർന്ന് പോലീസ് വനിത ബെറ്റാലിയൻ ക്യാമ്പും, ഭാരത് ഗ്യാസിന്റെ ഫില്ലിംങ് പ്ലാൻറും പ്രവർത്തിക്കുന്നതിനാൽ ഏറെ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്.

ആദ്യം തീപടരുന്നത് ഈ ഇടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ മുൻകൈയ്യെടുത്തു. തീ കൂടുതൽ പടരാൻ സാധ്യതയുള്ള ഇടങ്ങളിൽ ഫയർ യൂനിറ്റ് നിരന്തരം വെള്ളം പമ്പ് ചെയ്തുകൊണ്ടിരിന്നു. ഏറെ ആശങ്കയിലായ മൂന്നുമണിക്കൂറുകളായിരുന്നു കടന്നുപോയത്.



ഡെപ്യൂട്ടി കലക്ടർ ഉൾപ്പെടെ സംഭവ സ്ഥലത്തെത്തി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തീപടർന്ന ഉടൻതന്നെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മേനംകുളം സ്റ്റേഷൻ കടവ് റോഡിലെ ഗതാഗതം പൂർണമായും നിരോധിക്കുകയും ചെയ്തു.

20 ഏക്കറോളം വരുന്ന സിഡ്കോയുടെ ഭൂമിയാണ് പൂർണമായും കത്തിനശിച്ചത്. വ്യവസായ വകുപ്പിനു കീഴിലുള്ള ഭൂമി നേരത്തെ ജി.വി രാജ സ്പോർട്സിന് കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയെങ്കിലും വ്യവസായ വകുപ്പ് വിസമ്മതിച്ചതോടെ മേനംകുളം വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതുവരെ ഒരു നിർമ്മാണവും നടക്കാത്ത 20 ഏക്കറോളം വരുന്ന ഭൂമി കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോളി പത്രോസ്, കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ് ജോസ് നിക്കോളസ്, പഞ്ചായത്ത് പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ, തൊഴിലാളികൾ തുടങ്ങിയവർ സഹായത്തിനായി എത്തിയിരുന്നു.

Tags:    
News Summary - Major fire breaks out in Kovalam and Menamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.