തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഇന്ത്യൻ താരങ്ങളായ അക്സർ പട്ടേൽ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, രവി ബിഷ്‌ണോയി എന്നിവർ

ക്രിക്കറ്റ് ലഹരിയിലമർന്ന് തലസ്ഥാന നഗരി

തിരുവനന്തപുരം: ഇടവേളക്കു ശേഷം എത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിലാണ് തലസ്ഥാന നഗരി. ഇന്ത്യ-ന്യൂസിലണ്ട് പരമ്പരയിലെ അവസാന ട്വന്‍റി-20 മത്സരത്തിനാണ് ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. മത്സരം കാണുന്നതിനായി പതിനായിരങ്ങൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തും. ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞത് കെ.സി.എക്കും ആത്മവിശ്വാസം നൽകുന്നു. സ്റ്റേഡിയത്തിന് മുന്നിൽ ഇന്ത്യൻ പതാകയുടേയും ജഴ്സിയുടേയും വിൽപന പൊടിപൊടിക്കുന്നുണ്ട്.

മൽസരത്തിൽ പങ്കെടുക്കാനായി ഇരുടീമുകളും കഴിഞ്ഞദിവസം തലസ്ഥാനത്ത് എത്തിയിരുന്നു. വിമാനത്താവളത്തിൽ അവർക്ക് ഹൃദ്യമായ വരരവൽപ്പാണ് നൽകിയത്. ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഹോട്ടലുകളിൽ കേരളത്തിന്‍റെ ഇഷ്ടവിഭവങ്ങളുൾപ്പെടെ ടീമംഗങ്ങൾക്ക് വിളമ്പി.

ഇന്ത്യൻ ടീമംഗങ്ങൾ ക്യാപ്ടൻ സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. റിങ്കുസിങ്, രവി ബിഷ്ണോയ്, അക്സർപട്ടേൽ എന്നിവരും മറ്റ് ടെക്നിക്കൽ സ്റ്റാഫുകളുമുൾപ്പെടെ ക്ഷേത്രദർശനത്തിന് എത്തി. കനത്ത സുരക്ഷയാണ് ടീമംഗങ്ങൾക്കായി ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ന്യൂസിലണ്ട്, ഇന്ത്യ ടീമംഗങ്ങൾ വെവ്വേറെ പരിശീലനം നടത്തി. പരിശീലനം കാണാനും നിരവധി ക്രിക്കറ്റ് പ്രേമികൾ എത്തിയിരുന്നു. ഉച്ചക്കായിരുന്നു ന്യൂസിലണ്ട് ടീമിന്‍റെ പ്രാക്ടീസ്. വൈകുന്നേരത്തോടെയായിരുന്നു ഇന്ത്യൻടീം പരിശീലനത്തിനെത്തിയത്.

പരിശീലനത്തിനിടെ കോച്ച് ഗൗതം ഗംഭീറും സഞ്ജു സാംസണും തമ്മിൽ സംസാരിക്കുന്നത് കൗതുകത്തോടെയാണ് എല്ലാവരും നോക്കിനിന്നത്. ക്രിക്കറ്റ് മത്സരം ഇന്ന് രാത്രി ഏഴ് മണിക്കാണെങ്കിലും വൈകുന്നേരം മൂന്ന് മുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. മൊബൈൽ ഫോൺ അല്ലാതെ മറ്റ് ഒരു സാധനങ്ങളും സ്റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുപോകാൻ അനുമതിയില്ല. ഡ്രോണുകൾ ഉപയോഗിക്കുന്നതും അനധികൃത പാർക്കിങ്ങുമെല്ലാം നിരോധിച്ചിട്ടുണ്ട്. 

കനത്ത സുരക്ഷയിൽ നഗരം

തിരുവനന്തപുരം: ഇന്ന് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേ‌ഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ന്യൂസിലൻഡ് ട്വന്‍റി-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് നഗരത്തിലും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. ദക്ഷിണ മേഖല ഐ.ജി. സ്പര്‍ജന്‍കുമാർ, സിറ്റി പൊലീസ് കമീഷണർ കെ. കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ ഗ്രീൻ ഫീൽഡ് സ്റ്റേ‌ഡിയത്തില്‍ ഉന്നതതല സുരക്ഷാ യോഗം ചേർന്ന് സ്ഥിതി വിവരങ്ങൾ വിലയിരുത്തി. വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പ്രധാന ക്രമീകരണങ്ങൾ

  • കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേ‌ഡിയവും പരിസരവും താല്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു
  • ഗ്രീൻ ഫീൽഡ് സ്റ്റേ‌ഡിയം പരിസരത്തിന് രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ / ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും, പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും, ലേസർ ബീം ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചു
  • കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേ‌ഡിയം ഭാഗത്തേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും കര്‍ശന സുരക്ഷ പരിശോധനക്ക് വിധേയമാക്കും
  • ഇന്ന് നഗരത്തില്‍ പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തുന്നതാണെന്നും ഗതാഗത വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 0471- 2558731, 9497930055, എന്നീ ഫോണ്‍ നമ്പരുകളില്‍‍ ബന്ധപ്പെടാവുന്നതാണെന്നും പൊലീസ് അറിയിച്ചു.
Tags:    
News Summary - Trivandrum is in the mood for an international cricket match after a break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.