ഫ്ളക്‌സ് വെച്ചതിന് ബി.ജെ.പി നേതൃത്വത്തിന് പിഴയിട്ട സംഭവം; കോർപറേഷൻ റവന്യു ഓഫീസർക്ക് സ്ഥാനചലനം

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഫ്ളക്‌സ് വെച്ചതിന് ബി.ജെ.പി ജില്ല നേതൃത്വത്തിന് പിഴ നോട്ടീസ് നൽകിയ റവന്യു ഓഫീസർ ജി. ഷൈനിയെ റവന്യു സെക്ഷനിൽ നിന്ന് കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. കൂടാതെ ബി.ജെ.പി അധികാരത്തിലെത്തിയതിനു പിന്നാലെ ഇടത് സംഘടന നേതാക്കളെയും സ്ഥലംമാറ്റി.

അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബി.ജെപിക്ക് 20 ലക്ഷം രൂപ പിഴയിട്ടിരുന്നു. കൂടാതെ, കോർപറേഷൻ പരാതിയിൽ ബി.ജെ.പി ജില്ല പ്രസിഡന്റിനെതിരെ കേസും എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റം. വർഷങ്ങളായി കോർപറേഷൻ മെയിൻ ഓഫിസിൽ ജോലിനോക്കി വന്ന ഇടതു നേതാക്കളെ സോണൽ ഓഫീസുകളിലേക്ക് മാറ്റിയാണ് ആദ്യ പട്ടിക പുറത്തിറങ്ങിയത്. കോർപറേഷന്റെ മെയിൻ ഓഫിസിലെ നാലുപേരാണ് വർക്കിങ് അറേഞ്ച്മെന്റിന്റെ പേരിലാണ് പുനക്രമീകരിച്ചത്.

ഇടതുസംഘടന നേതാക്കളായ പി. സുരേഷ് കുമാർ, ആർ.സി. രാജേഷ് കുമാർ എന്നിവരെ വിവിധ സോണലുകളിലേക്ക് മാറ്റി. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറിയും റവന്യു ഇൻസ്‌പെക്ടറുമായ സുരേഷ് കുമാറിനെ മെയിൻ ഓഫിസിൽ നിന്ന് ആറ്റിപ്ര സോണലിലേക്കും കെ.എം.സി.എസ്.യു മുൻ സംസ്ഥാന കമ്മിറ്റിയംഗവും എൻ.ജി.ഒ യൂനിയൻ പ്രവർത്തകനുമായ രാജേഷ് കുമാറിനെ തിരുവല്ലം സോണൽ ഓഫിസിലേക്കുമാണ് മാറ്റിയത്. മേയറുടെ ഓഫിസിലെ അറ്റൻഡന്റായിരുന്ന ഇ. അംജിത് അലിഖാനെ ഉള്ളൂർ സോണലിലേക്ക് മാറ്റി.

ഡെപ്യൂട്ടി മേയറുടെ ഓഫിസിലേക്ക് നേമം സോണൽ ഓഫിസിൽ നിന്ന് ജെ. പ്രദീഷ് കുമാറിനെയും നിയമിച്ചു. വർഷങ്ങളായി ഒരേ ഓഫിസിൽ തുടരുന്നവരെ വരും ദിവസങ്ങളിൽ മാറ്റുമെന്നാണ് വിവരം.

Tags:    
News Summary - Corporation Revenue Officer transferred for fined BJP leadership for installing flex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.