തിരുവനന്തപുരം: കാട്ടാക്കടയിലെ വീടുകളിൽനിന്ന് മോഷ്ടിച്ച 66 പവൻ സ്വർണാഭരണവുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ. കല്ലിയൂർ കാക്കാമൂല നെടിഞ്ഞൽ സിന്ധു നിലയത്തിൽ ശ്രീകാന്ത് (40) ആണ് പിടിയിലായത്. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സ്വർണമോഷണം ഉൾപ്പെടെ തെളിഞ്ഞത്.
കിള്ളിപ്പാലത്തുനിന്ന് ബിജു എന്നയാളുടെ ബൈക്ക് മോഷണം നടത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ശ്രീകാന്ത് പിടിയിലായത്. 66 പവനോളം സ്വർണാഭരണങ്ങളും 67,000 രൂപയും രണ്ട് മൊബൈൽ ഫോണും മോഷണം പോയ ബൈക്കും പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്തതിൽ കാട്ടാക്കട, മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽനിന്നാണ് സ്വർണം മോഷ്ടിച്ചതെന്ന് സമ്മതിച്ചു.
2025 ഡിസംബർ 24നാണ് ബൈക്ക് മോഷ്ടിച്ചത്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മോഷണ ബൈക്കിൽ അന്യ സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതി യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ മോഷ്ടിക്കുകയാണ് രീതി. ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തി അന്യ സംസ്ഥാനങ്ങളിൽ ആർഭാട ജീവിതം നയിക്കുകയാണ് ചെയ്യുന്നത്.
ഫോർട്ട് അസി. കമീഷണർ ബിനു കുമാറിന്റെ നേതൃത്വത്തിൽ ഫോർട്ട് ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ, എസ്.ഐമാരായ അനു എസ്. നായർ, സുജോ ജോർജ് ആന്റണി, സി.പി.ഒമാരായ സുനിൽകുമാർ, ഗിരീഷ്, സന്ദീപ്, വിജയ കിരൺ, ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീകാന്തിനെതിരെ നേമം, തമ്പാനൂർ, ഫോർട്ട്, കരമന, പൂന്തുറ, വലിയതുറ, കാഞ്ഞിരംകുളം, വിളപ്പിൽശാല, കാട്ടാക്കട, കൊല്ലം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലും തമിഴ്നാട്ടിലുമായി 26ഓളം മോഷണ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.