കോടികൾ മുടക്കി നിർമിച്ച പാറശാല താലൂക്ക് ആശുപത്രി കെട്ടിടം എന്തിന്? ഉത്തരം പറയിക്കാൻ മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: കോടികൾ മുടക്കി നിർമിച്ച പാറശാല താലൂക്ക് ആശുപത്രിയിലെ മൾട്ടി സ്പെഷാലിറ്റി കെട്ടിടം അടഞ്ഞുകിടക്കുമ്പോൾ അടിസ്ഥാന സൗകര്യം തീരെയില്ലാത്ത പഴയ കെട്ടിടത്തിൽ താലൂക്കാശുപത്രി പ്രവർത്തിക്കുകയാണെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അഡീഷനൽ ഡെപ്യൂട്ടി ഡയറക്ടറും ജില്ല മെഡിക്കൽ ഓഫിസറും സംയുക്ത പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

ട്രോമാകെയർ, മൂന്ന് ഓപറേഷൻ തിയേറ്ററുകൾ, ദിനംപ്രതി 40 ഡയാലിസിസുകൾ നടത്താവുന്ന ഡയാലിസിസ് യൂനിറ്റ്, ഐ.സി.യു, ആധുനിക ലബോറട്ടറി, സ്കാനിങ് സെന്റർ, ഫാർമസി എന്നിവ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അവ ഉപയോഗിക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? തുടങ്ങി ഒമ്പത് ചോദ്യങ്ങൾക്ക് ക്യത്യമായ മറുപടി അടങ്ങിയ വിശദമായ റിപ്പോർട്ട് ഡി.എച്ച്.എസും ഡി.എം.ഒയും ഒരു മാസത്തിനകം കമീഷൻ ഓഫിസിൽ സമർപ്പിക്കണം.

ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറിയും വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയറും ആശുപത്രി സൂപ്രണ്ടും ഒരു മാസത്തിനകം പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. ഡി.എച്ച്.എസിനെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥൻ, ഡെപ്യൂട്ടി ഡി.എം.ഒ, ആശുപത്രി സൂപ്രണ്ടിന്റെ പ്രതിനിധി, എക്സിക്യൂട്ടീവ് എൻജിനീയറുടെ (കെ.എസ്.ഇ.ബി) പ്രതിനിധി എന്നിവർ മാർച്ച് 23ന് രാവിലെ 10ന് മനുഷ്യാവകാശ കമീഷൻ ഓഫിസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് കമീഷൻ നിർദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Tags:    
News Summary - Parassala Taluk Hospital building? Human Rights Commission asks about shutdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.