വട്ടിയൂര്‍ക്കാവ് ജങ്ഷന് വികസനത്തിനായി വ്യാപാരികളെ ഒഴിപ്പിച്ച സ്ഥലത്ത് പഴയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ കരാര്‍ എടുത്ത കരാറുകാരന് പഴയ സാധന-സാമഗ്രികള്‍ വിൽപനക്കായി നിരത്തിയിരിക്കുന്നു
വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് ജങ്ഷന് വികസനത്തിന്റെ പേരു പറഞ്ഞ് വ്യാപാരികളെ ഒഴിപ്പിച്ച സ്ഥലം കരാറുകാരന് കെട്ടിടങ്ങള്‍ പൊളിച്ച സാധന സാമഗ്രികളുടെ വില്‍പ്പന കേന്ദ്രമാക്കി മാറ്റിയതായി പരാതി.
വ്യാപാരികളെ ഒഴിപ്പിച്ച സ്ഥലം ഏറ്റെടുത്ത് രണ്ടരമാസക്കാലത്തോളമായിട്ടും എത്രയും വേഗം പുനരധിവാസം നടത്താതെ ഒഴിപ്പിച്ച സ്ഥലത്ത് കെട്ടിടങ്ങള്‍ പൊളിക്കുവാന്‍ കരാര്‍ എടുത്ത കരാറുകാരന് തന്നെ സാധന സാമഗ്രികള്‍ കച്ചവടത്തിനായി നിരത്തി വെച്ചിരിക്കുന്നതായാണ് ആക്ഷേപം.
റോഡിന് വശത്തായി ഇരുമ്പ്-മര സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും തടസ്സമുണ്ടാക്കുന്നുണ്ട്. മണ്ണറക്കോണം-വട്ടിയൂര്‍ക്കാവ് റോഡില്‍ പതിവായി ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്.
കടകളില്‍ സാധനം വാങ്ങാന്‍ എത്തുന്നവരുടെ വാഹനം കൂടെ റോഡിനു വശത്തായി പാര്‍ക്കുചെയ്യുന്നതിനാല്‍ വന്‍ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ എട്ടിന് നടന്ന ജനമൈത്രി യോഗത്തിൽ വ്യാപാരി-വ്യവസായികളും അസോസിയേഷനുകളും കരാറുകാരന്റെ നടപടിയെ എം.എല്‍.എ യുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത മണ്ണറക്കോണം പ്രദേശത്തെ സ്ഥലം കച്ചവട സ്ഥാപനങ്ങളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് വാഹന പാര്‍ക്കിങ് ഏരിയ ആയി തുറന്നുകൊടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. മാസങ്ങളായി കടകള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ പട്ടിണിയിലും ദിരിതത്തിലുമാണ് കഴിഞ്ഞുകൂടുന്നത്. അവര്‍ക്ക് പുനരധിവാസത്തിനായുളള നടപടികള്‍ ആയിട്ടുമില്ല.
കരാറുകാരന്റെ കയ്യേറ്റം ഉടനടി ഒഴിപ്പിക്കാത്ത പക്ഷം വ്യാപാരി സമൂഹം ഒറ്റക്കെട്ടായി പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പു നല്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.