തിരുവനന്തപുരം: ക്ഷയരോഗ സംശയത്തിന്റെ പേരിൽ കുടപ്പനക്കുന്ന് കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ ഡോക്ടർമാരടക്കം ജീവനക്കാർക്ക് ആരോഗ്യ പരിശോധന. എന്നാൽ പരിശോധനയിൽ ഒരാൾക്കുപോലും രോഗാവസ്ഥ ഇല്ലെന്നും സാധാരണ മനുഷ്യരിൽ കാണുന്ന ക്ഷയരോഗ സമാനമായ അണുബാധ മാത്രമാണെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ രണ്ട് ഡോക്ടർ മാർക്കും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അടക്കം ഒമ്പതോളം പേർക്ക് രോഗലക്ഷണം സംശയിച്ചത്. മുമ്പ് ഇവിടെ കാലികളിൽ ക്ഷയരോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വർഷതോറും ഡോക്ടർമാരിലും ജീവനക്കാരിലും നടത്തിവരുന്ന പരിശോധനയിലാണ് സംശയം ഉടലെടുത്തത്.
തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ല ടി.ബി ഓഫീസർ ഡോ. ധനുജയുടെ നേതൃത്വത്തിലെത്തിയ മെഡിക്കൽ സംഘം ശേഖരിച്ച സാമ്പിൾ പരിശോധനയിലാണ് രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചത്. അതിനാൽ ആശങ്കപ്പെടാൻ ഒരു സാഹചര്യവുമില്ലെന്ന് ഡോ. ധനുജ അറിയിച്ചു. കുടപ്പനക്കുന്ന് കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ പശു, ആട്, കന്നുകുട്ടി, കോഴി തുടങ്ങി 200 ലധികം കന്നുകാലികളെയാണ് വളർത്തുന്നത്. ഡോക്ടർമാരടക്കം 90 ഒളാം ജീവനക്കാരുമുണ്ട്. 2021 കാലഘട്ടത്തിലാണ് ഇവിടെ മൃഗങ്ങൾക്ക് ക്ഷയരോഗം ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.