തിരുവനന്തപുരം: പെരുങ്കടവിള തോട്ടവാരം കുഴിവിള സ്വദേശി രഞ്ജിത് ആര്. രാജിനെ ടിപ്പര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍. പ്രതി കീഴാറൂര്‍ കൊല്ലംകാല ശ്യാം നിവാസില്‍ ശരത് ലാല്‍ എന്ന ശരത് മുന്വിരോധംകൊണ്ട് ആസൂത്രിമായി നടത്തിയ കൊലപാതകമാണെന്നും സാധാരണ വാഹനാപകട കേസായി ഇതിനെ കാണാനാകില്ലെന്നും പ്രോസിക്യൂഷന് വാദിച്ചു.
പ്രതിയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. ജാമ്യ ഹരജിയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും.
ടിപ്പര്‍ ഇടിച്ച് രഞ്ജിത്തിനെ കൊലപ്പെടുത്താനായില്ലെങ്കില് മറ്റൊരു പദ്ധതിയും തയാറാക്കിയാണ് പ്രതികള്‍ കാത്തിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന് കോടതിയെ അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വടകര ജോസിനെ മാരായമുട്ടത്തുവെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്.
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന റാലിയില്‍ രഞ്ജിത്തും പ്രതി ശരത് ലാലും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനെ ചൊല്ലിയും ആനാവൂരിലെ ഡെല്‍റ്റ കമ്പനിയില്‍നിന്ന് ലോഡ് എടുക്കുന്നതിന്റെ സീനിയോറിറ്റി സംബന്ധിച്ചും ഇരുവരും സംഭവദിവസം പെരുമ്പഴുതൂരില്‍വെച്ച് വാക്കേറ്റമുണ്ടായതിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം.
പുനയല്കോണത്തുവെച്ച് ബുള്ളറ്റിലെത്തിയ രഞ്ജിത്തിനെ ശരത് ലാലും കൂട്ടുകാരും ചേര്‍ന്ന് ടിപ്പര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശരത് ലാലിന്റെ സഹോദരന് ശ്യാം ലാലിന്റേതാണ് ടിപ്പര്‍. ശരത് ലാലിന് പുറമെ സഹോദരന് ശ്യാം ലാല്‍, സുഹൃത്ത് പെരുങ്കടവിള ചാനല്‍ക്കര വിനീത് ഭവനില്‍ വിനീത് എന്ന സുജിത് എന്നിവരും കേസിലെ പ്രതികളാണ്. നിലവില്‍ മൂന്ന് പ്രതികളും ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.