പൂവാർ: പത്താം ക്ലാസിൽ ജയിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ചതിനെചൊല്ലിയുണ്ടായ വാക്കേറ്റത്തിന് പിന്നാലെ മുഖംമൂടി അണിഞ്ഞെത്തിയ സംഘം ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടി പരിക്കേല്പിച്ചു. അവണാകുഴി മാർത്താണ്ഡം കുളത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന ജിഷ്ണു (21), അച്ഛൻ ഷാജി (47), സഹോദരൻ നിധിൻ ഗിരീഷ് (25) എന്നിവരെയാണ് സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച്ച രാത്രി 7.30 ഓടെയാണ് സംഭവങ്ങൾക്ക് തുടക്കം. മാർത്താണ്ഡം കുളത്തിന് സമീപം താമസിക്കുന്ന ആളുടെ മകൻ പത്താംക്ലാസ് വിജയിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചത് ഇയാളുടെ സഹോദരൻ ചോദ്യം ചെയ്തത് സഹോദരങ്ങൾ തമ്മിൽ അടിപിടിയിൽ കലാശിച്ചു.
ഇവരെ പിടിച്ചു മാറ്റാൻ എത്തിയതായിരുന്നു വെട്ടേറ്റ ഷാജിയും മക്കളും. പ്രശ്നത്തിനിടയിലേക്ക് സനു എന്നയാൾ എത്തിയതോടെ പ്രശ്നങ്ങൾ വഷളായി. സംഭവ സ്ഥലത്തു നിന്ന് പിരിഞ്ഞു പോയ സനു രാത്രിയോടെ കൂട്ടാളികളെയും കൂട്ടി ബൈക്കിലെത്തി വീണ്ടും ആക്രമണം നടത്തിയെന്നാണ് വിവരമെന്ന് പോലിസ് പറയുന്നു. കമ്പിവടിയും വാളും മറ്റുമായി മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം അച്ഛനെയും മക്കളെയും ഗുരുതരമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.