തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയ പാതയിൽ വാഹനാപകടങ്ങൾ നിത്യസംഭവമായ പാപ്പനംകോട് ശ്രീരാഗം കല്യാണമണ്ഡപത്തിന് സമീപമുള്ള യു ടേണിൽ പൊതുമരാമത്ത് ദേശീയപാതാവിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ പരിശോധന നടത്തിയശേഷം അപകടങ്ങൾ ഒഴിവാക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. സ്ഥലത്ത് അപകടങ്ങൾ പതിവായതിനെ തുടർന്ന് അടച്ച യുടേൺ തൽപരകക്ഷികൾ ഏകപക്ഷീയമായി നീക്കം ചെയ്തെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
നേമം ഇൻസ്പെക്ടർ കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ യുടേൺ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ പ്രദേശവാസികളും സ്ഥാപന ഉടമകളും യാത്ര തടസ്സമുണ്ടാക്കുന്നതായി ആരോപിച്ച് പ്രതിഷേധിച്ചതായി പറഞ്ഞു. താൽകാലികമായി യുടേൺ ഒഴിവാക്കുന്നതിനായി സ്ഥാപിച്ച വസ്തുക്കൾ എടുത്തുമാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു.
പരാതി ലഭിച്ചാൽ ഇക്കാര്യം വസ്തുതാപരമായി ശരിയാണോ എന്ന് എക്സിക്യുട്ടീവ് എൻജിനീയർ പരിശോധിക്കണമെന്നും കമീഷൻ നിർദ്ദേശിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.