ആശുപത്രികളിൽ മരുന്ന് ക്ഷാമം: വിതരണം വേഗത്തിലാക്കും: കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മരുന്ന് മുടങ്ങില്ലെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മരുന്ന് വിതരണം വേഗത്തിലാക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മരുന്നുകൾ കുറവുണ്ടെങ്കിൽ അത് കാരുണ്യവഴി ലോക്കൽ പർച്ചേസ് നടത്താനും എല്ലാ സ്ഥാപന മേധാവികൾക്കും നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കാരണം പർച്ചേസ് ഓർഡർ നൽകുന്നത് വൈകിയതും പശ്ചിമേഷ്യൻ യുദ്ധവുമാണ് നിലവിൽ ചില മരുന്നുകളുടെ വിതരണത്തെ ബാധിച്ചിട്ടുള്ളത്.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് സാധാരണ ഏപ്രിലിൽ നടപടികൾ പൂർത്തിയാക്കി മെയ് മാസത്തോടെ പർച്ചേസ് ഓർഡറുകൾ നൽകുന്നതാണ് പതിവ്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം ഏപ്രിൽ പർച്ചേസ് ഓർഡർ നൽകിയില്ല.
തുടർന്ന് പുതിയ സർക്കാർ അധികാരത്തിന് എത്തിയ ശേഷമാണ് ഈ നടപടികൾ പൂർത്തിയാക്കിയത്. അത്യാവശ്യ മരുന്നുകളുടെ പട്ടികയിലെ 855 എണ്ണത്തിൽ 664 എണ്ണത്തിന് പർച്ചേസ് ഓർഡർ നൽകി കഴിഞ്ഞു. പ്രതിസന്ധികൾക്കിടയിലും 530 മരുന്നുകൾ ഇതിനോടകം സംസ്ഥാനത്ത് എത്തിച്ചു കഴിഞ്ഞു.
സെപ്റ്റംബർ അവസാനത്തോടെ മരുന്നുകളെല്ലാം കൂടുതലായി എത്തും. ബാക്കിയുള്ള 191 ഇനങ്ങൾക്കായി വീണ്ടും ടെൻഡർ വിളിച്ചിട്ടുണ്ട്. നടപടികൾ വിവിധ ഘട്ടങ്ങളിലുമാണെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.