തിരുപുറം ഫെസ്റ്റിനായി നിർമിച്ച താൽക്കാലിക നടപ്പാലം തകർന്ന നിലയിൽ
പൂവാർ: തിരുപുറം പുറുത്തിവിളയിൽ അനുമതിയില്ലാതെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച താൽകാലിക നടപ്പാലം തകർന്ന് പതിനേഴോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ നെയ്യാറ്റിൻകരയിലെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിരുപുറം ജോയി (36), മുള്ളുവിള സനൽ (29), അയിര റീജ (34), കുളത്തൂർ ആതിര (30), പത്തനാവിള ജയിൻ രാജ് (46), ചാവടി അനിൽകുമാർ (37) എന്നിവർ നെയ്യാറ്റിൻകര നിംസിലും, കാഞ്ഞിരംകുളം സ്വദേശിനി ലൈല (42) തിരുവനന്തപുരം കിംസിലും ചികിത്സയിലാണ്. ഇതിൽ ജയിൻ രാജ്, ലൈല എന്നിവരുടെ പരിക്ക് ഗുരുതരമാണ്. 10 പേർ പ്രാഥമിക ചികിത്സ തേടി വീടുകളിലേക്ക് മടങ്ങി.
കഴക്കൂട്ടം കാരോട് ബൈപാസ് റോഡിൽ തിരുപുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുറുത്തിവിള ജങ്ഷന് സമീപം പ്രത്യേകം തയാറാക്കിയ ഗ്രൗണ്ടിൽ തടി കക്ഷണം കൊണ്ട് നിർമിച്ച താൽകാലിക നടപ്പാലമാണ് തകർന്നത്. പ്രധാന കവാടത്തിൽ 40 രൂപ ടിക്കറ്റ് നിരക്കിൽ നിരവധി കാഴ്ച്കൾ ഒരുക്കിയിരുന്നു. അവിടെ നിന്ന് വാട്ടർ ഫാൾസ് കാണുന്നതിന് ആൾക്കാരെ അടുത്ത ഗ്രൗണ്ടിലേയ്ക്ക് കടത്തിവിടാനാണ് പാലം നിർമിച്ചത്.
25ന് വൈകീട്ട് ഏഴോടെ ആളിന് 20 രൂപ ടിക്കറ്റ് നിരക്കിൽ ആരംഭിച്ച വാട്ടർ ഫാൾസ് ഷോ മൂന്നെണ്ണം കഴിഞ്ഞ് നാലാമത്തെ ഷോ തുടങ്ങാനുള്ള ആളെ കയറ്റുന്നതിന് മുമ്പാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ആൾക്കാരെ പാലം വഴി കടത്തിവിട്ട ശേഷം ഷോ കാണാൻ കസേരകൾ ഒരുക്കിയിരുന്നു. ഇതിനിടയിൽ ഇരുന്നവർ പാലത്തിന് മുകളിൽ കയറി നിന്ന് ഫോട്ടോയും വീഡിയോയും മൊബൈലിൽ പകർത്താൻ തിക്കും തിരക്കും കൂട്ടിയത് അപകടത്തിന് കാരണമായി. നടപ്പാലത്തിന് മൂന്ന് മീറ്ററോളെ വീതി ഉണ്ടെങ്കിലും കൂടുതൽ ആൾക്കാരെ താങ്ങാനുള്ള ശേഷി ഇല്ലാത്തതും, നിർമാണത്തിലെ അപാകതയും അപകടത്തിന് കാരണമായി. പാലം തകർന്ന ഉടൻ പരിക്കേറ്റ ആൾക്കാരെ ആശുപത്രിയിൽ എത്തിച്ചു.
കഴിഞ്ഞ 23നാണ് തിരുപുറം ഫെസ്റ്റ് എന്ന പേരിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. 31ന് സമാപിക്കുകയായിരുന്നു ലക്ഷ്യം. പ്രദേശത്തെ നാല് കലാകായിക സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്.
അപകടസ്ഥലം അഡീഷണൽ ജില്ല മജിസ്ട്രേറ്റ് അനിൽ ജോസ്, നെയ്യാറ്റിൻകര തഹസിൽദാർ അരുൺ തുടങ്ങിയ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഫെസ്റ്റ് നടത്തുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും, അനുമതികളും ഉറപ്പു വരുത്തുന്നതിൽ സംഘാടക സമിതി വീഴ്ച വരുത്തിയോ എന്നതാണ് അന്വേഷണം. റിപ്പോർട്ട് കലക്ടറുമായി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അഡീഷണൽ ജില്ല മജിസ്ട്രേറ്റ് അനിൽ ജോസ് പറഞ്ഞു. സംഘാടക സമിതിക്കെതിരെ പൂവാർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.