കവടിയാർ കൊട്ടാരം
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ ആഭരണ മോഷണക്കേസിൽ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽഫോൺ രേഖകളും പരിശോധിക്കാനുള്ള നടപടിയിലേക്ക് പൊലീസ്. കൊട്ടാരത്തിലെയും സമീപപ്രദേശങ്ങളിലുള്ള സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. എന്നാൽ നവംബറിൽ നടന്ന സംഭവമായതിനാൽ കൃത്യമായ ദൃശ്യങ്ങളുണ്ടാകുമോയെന്ന ആശങ്കയും പൊലീസിനുണ്ട്. ഏത് സമയത്താണ് മോഷണം നടന്നതെന്ന് അറിയാത്തതും പ്രശ്നമാണ്. കഴിഞ്ഞ നവംബറിലാണ് മോഷണ വിവരം അറിയുന്നതെന്നാണ് കൊട്ടാരം കുടുംബാംഗങ്ങൾ പരാതിയിൽ പറയുന്നത്.
അതിനാൽ ഒക്ടോബറിലോ മുമ്പോ ആകാം മോഷണം നടന്നതെന്നാണ് നിഗമനം. എന്നാൽ ദൃശ്യങ്ങൾ പരിശോധിക്കുക ഉൾപ്പെടെ കാര്യങ്ങൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് പൊലീസിന്‍റെ നിഗമനം. കൊട്ടാരം അംഗങ്ങളുടേയും ജീവനക്കാരുടേയും മൊബൈൽ രേഖകളും ഫോൺകോൾ പട്ടികകളും പരിശോധിക്കുന്നുണ്ട്. കൊട്ടാരത്തിലെ അംഗങ്ങളുടേയും ജീവനക്കാരുടേയും മൊഴികൾ പൊലീസ് കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികൾ ഒത്തുനോക്കിയ ശേഷമാകും തുടർ ചോദ്യംചെയ്യലുകൾ.
ഈ കാലയളവിൽ കവടിയാർ കൊട്ടാരത്തിൽ വന്നവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. ഇതും വിശദമായി പരിശോധിച്ച് വരികയാണ്. ഇതിൽ പലരെയും പൊലീസ് ബന്ധപ്പെട്ടിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളും നടക്കുകയാണ്. കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത് സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ട്. സിറ്റി പൊലീസ് കമീഷണറും ഡി.സി.പിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കമീഷണർ കെ. കാർത്തിക് കൊട്ടാരത്തിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
കൊട്ടാരത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പഴക്കമുള്ള വലിയ മൂല്യമുള്ള ആഭരണങ്ങളായതിനാൽ മോഷണ മുതൽ അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘങ്ങൾക്ക് വിറ്റിട്ടുണ്ടോയെന്നും പൊലീസിന് സംശയമുണ്ട്. പുരാവസ്തുക്കൾ വാങ്ങുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.