തിരുവനന്തപുരം: സംശുദ്ധ മാംസാഹാരം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കോർപറേഷൻ കുന്നുകുഴിയിൽ സ്ഥാപിച്ച അത്യാധുനിക അറവുശാല മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ഷാജിത നാസർ, ക്ലൈനസ് റൊസാരിയോ, മേടയിൽ വിക്രമൻ, സി.എസ്. സുജാദേവി, ആർ. സുരകുമാരി, എസ്.എസ്. ശരണ്യ, ഡി.ആർ. അനിൽ, എ. മേരി പുഷ്പം, ഐ.പി. ബിനു, ആർ. സജീഷ്, എസ്. ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു.
തനത് ഫണ്ടിൽനിന്ന് 10 കോടി രൂപ ചെലവഴിച്ച് നിർമിച്ച അറവുശാലയിൽ വെറ്ററിനറി ഡോക്ടർമാർ കന്നുകാലികളുടെ ആരോഗ്യം പരിശോധിച്ച് ഉറപ്പാക്കിയശേഷമാണ് ശാസ്ത്രീയമായ രീതിയിൽ കശാപ്പ് നടത്തുക. കോർപറേഷന്റെ ബ്രാൻഡഡ് ഉൽപന്നമായി മാംസം വിപണിയിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരമ്പരാഗതമായി കശാപ്പ് തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്നവരെ ഗുണഭോക്താക്കളാക്കും. നിയമവിരുദ്ധ അറവ് നിരോധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും.
ഇറച്ചിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ എഫ്ല്യുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, റെൻഡറിങ് പ്ലാന്റ് തുടങ്ങി ലോകനിലവാരമുള്ള സംവിധാനങ്ങൾ അറവുശാലയിലുണ്ട്. അറവുമാലിന്യം തരംതിരിച്ച് സംസ്കരിച്ച് മത്സ്യങ്ങൾക്കുള്ള തീറ്റയും വളവുമാക്കി മാറ്റും. പുലർച്ച രണ്ടുമുതൽ രാവിലെ 10വരെ പ്രവർത്തിക്കുന്ന അറവുശാലയിൽ ദിവസം 75 ആടുകളെയും 50 കന്നുകാലികളെയും ഉൾപ്പെടെ 125 മൃഗങ്ങളെ കശാപ്പ് ചെയ്യാനാകും.
വലിയ കന്നുകാലികൾക്ക് (പോത്ത്, എരുമ, കാള) -1500 രൂപ, ചെറിയ കന്നുകാലി (ആട്) 300 രൂപ എന്നിങ്ങനെയാണ് അറവ് നിരക്ക്. ജീവനക്കാരുടെ ശമ്പളവും പ്ലാന്റ് നടത്തിപ്പ് ചെലവും കരാറേറ്റെടുത്ത കർണാടകത്തിലെ എം.ആർ ഫാംസ് കമ്പനിക്കാണ്. വലിയ കന്നുകാലി ഒന്നിന് 75, ചെറുത് ഒന്നിന് 25 രൂപ നിരക്കിൽ കമ്പനി കോർപറേഷന് നൽകണമെന്നാണ് പത്ത് വർഷത്തേക്കുള്ള കരാർ. അറവുശാലയോടുചേർന്ന് ചില്ലറ വിൽപ്പന സ്റ്റാളുമുണ്ടാകും. നഗരത്തിലെ ഇറച്ചി വിൽപനശാലകളിലേക്കുള്ള കശാപ്പും കുന്നുകുഴിയിൽ നടത്തി മാംസം കൊണ്ടുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.