തിരുവനന്തപുരം: മൂന്ന് ദിവസങ്ങളായി തലസ്ഥാനനഗരി യുദ്ധസമാനമായ അന്തരീക്ഷത്തിലാണ്. പൊലീസും പ്രതിപക്ഷ സംഘടനകളുമായുള്ള ഏറ്റുമുട്ടലിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടസ്സപ്പെടുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. കഴിഞ്ഞദിവസം കേരള സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ തുടങ്ങി ഇന്നലെ പിണറായി വിജയന്റെ വസതിയിലെ ഇ.ഡി പരിശോധന വരെ എത്തി നിൽക്കുകയാണ് തലസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ. ഇന്ന് എൽ.ഡി.എഫ് പ്രതിഷേധ ദിനാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതും പ്രശ്നങ്ങളിലേക്ക് വഴിവെക്കുമോയെന്ന് കാത്തിരുന്ന് കാണണം.
തിങ്കളാഴ്ച രാത്രി യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ നഗരമധ്യത്തിലെ പ്രധാനപ്പെട്ട എം.ജി. റോഡിലാണ് മണിക്കൂറുകളോളം ഏറ്റുമുട്ടിയത്. അത് പിന്നീട് പൊലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുള്ള സംഘർഷമായി മാറി. ഇത് രാത്രി മണിക്കൂറുകളോളമാണ് പ്രധാന റോഡിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചത്. എസ്.എഫ്.ഐക്കാരെ പിന്തുണച്ച് ഡി.വൈ.എഫ്.ഐക്കാരും പ്രകടനമായി നഗരത്തിലിറങ്ങിയിരുന്നു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച എസ്.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും പൊലീസുമായുള്ള ഉന്തും തള്ളുമെല്ലാം മണിക്കൂറുകളോളമാണ് ഈ റോഡിലൂടെയുള്ള ഗതാഗതം മുടക്കിയത്. എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസ് പലകുറി ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു.
ബുധനാഴ്ചയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി. പരിശോധന നടത്തിയതിനെതിരെയുള്ള പ്രതിഷേധവും മണിക്കൂറുകളോളമാണ് തലസ്ഥാനത്തെ ഗതാഗതം ഉൾപ്പെടെ സ്തംഭിപ്പിച്ചത്. ബേക്കറി ജങ്ഷന് സമീപമുള്ള വാടകവീട്ടിലേക്ക് നിരവധി പ്രവർത്തകർ രാവിലെ മുതൽ എത്തിയതോടെ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. പിന്നീട് അവിടെ നടന്ന അക്രമസംഭവങ്ങൾ മൂലം മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. അതിന് ശേഷം അക്രമികളെ ഉൾപ്പെടെ കൂട്ടി നേതാക്കൾ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പ്രകടനമായി പോയതും ഗതാഗതം താറുമാറാക്കി. പിന്നീട് പാർട്ടി ഓഫിസിൽ കയറി പ്രതികളെ പിടിക്കാൻ പൊലീസ് എത്തിയതും പ്രവർത്തകർ മറുവശത്ത് തടിച്ചുകൂടിയതുമെല്ലാം തലസ്ഥാന നഗരിയിലെ ഗതാഗതം മുടക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. നിരന്തരമായ ഈ സംഭവങ്ങൾ ആഭ്യന്തരവകുപ്പും വളരെ ഗൗരവമായാണ് കാണുന്നത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അതാണ് കുറച്ച് ദിവസങ്ങളായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറിയതിനെ തുടർന്ന് ഒരിടവേളക്ക് ശേഷം തുറന്ന സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റ് പ്രതിഷേധങ്ങളെ തുടർന്ന് വീണ്ടും അടക്കേണ്ട സാഹചര്യമാണുള്ളതും. സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ തന്നെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി പ്രതിപക്ഷം രംഗത്തിറങ്ങിയിട്ടുള്ളത് പൊലീസിനും ആഭ്യന്തരവകുപ്പിനും ഒരുപോലെ തലവേദനയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.