തിരുവനന്തപുരം: വടക്കൻ കേരളം വിട്ട് സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ സംഘങ്ങളുടെ ഹബ്ബായി തലസ്ഥാനം മാറുന്നു. കുറ്റവാളികൾക്കെതിരെ നിരവധി വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്കടക്കം ലഭിച്ചിട്ടും കാര്യമായ അന്വേഷണം രഹസ്യാന്വേഷണ വിഭാഗത്തിന്റെയോ സ്പെഷൽ ബ്രാഞ്ചിന്റെയോ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഇതോടെ ഒരുകാലത്ത് പത്തി താഴ്ത്തികിടന്ന ഗുണ്ടാസംഘങ്ങളൊക്കെ നഗരത്തിൽ തലപൊക്കിയിരിക്കുകയാണ്.
കരിപ്പൂരും നെടുമ്പാശ്ശേരിയിലും സ്വർണക്കടത്തലിനെതിരെയുള്ള പരിശോധനകൾ ശക്തമാക്കിയതോടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുകൾ വർധിച്ചതായാണ് കസ്റ്റംസ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച്മാത്രം രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 1.6 കോടിയുടെ സ്വർണമാണ് പിടികൂടിയത്.
ഇതിന് പുറമെയാണ് ഞായറാഴ്ച രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷം വിലമതിക്കുന്ന 360 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടിയത്. കടത്ത് വർധിച്ചതോടെയാണ് ഗുണ്ടാനേതാക്കളുടെ നേതൃത്വത്തിൽ സ്വർണം പൊട്ടിക്കൽ സംഘങ്ങളും സജീവമായത്. വിദേശത്തുനിന്നും കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണവുമായി പുറത്തിറങ്ങുന്ന ക്യാരിയർമാരിൽ നിന്നും സ്വർണം മോഷ്ടിച്ചെടുക്കുന്ന (പൊട്ടിക്കുന്ന) ഇത്തരം സംഘങ്ങൾ പിന്നീട് വൻ തുകക്ക് ഈ സ്വർണം ജ്വല്ലറികൾക്ക് മറിച്ചുവിൽക്കുകയാണ് പതിവ്.
അർജുൻ ആയങ്കിയുടെ സാന്നിധ്യം പരിശോധിക്കാതെ പൊലീസ്
സ്വർണം പൊട്ടിക്കൽ കേസിൽ പ്രതിയാക്കപ്പെട്ട അർജുൻ ആയങ്കിയുടെ സാന്നിധ്യം കഴിഞ്ഞ രണ്ടുവർഷമായി കഴക്കൂട്ടം, തുമ്പ സ്റ്റേഷൻ പരിധികളിൽ ഉണ്ടായിട്ടും ഇതുസംബന്ധിച്ച് കാര്യമായ പരിശോധന നടത്തിയിട്ടില്ല. കാര്യവട്ടം ക്യാമ്പസ് കേന്ദ്രീകരിച്ച് വിദ്യാർഥികളിൽ ചിലരെ സ്വർണം പൊട്ടിക്കലിനായി അർജുൻ ഉപയോഗിക്കുന്നതായുള്ള വിവരം പ്രദേശത്തെ രാഷ്ട്രീയ നേതൃത്വം തന്നെ പൊലീസിന് കൈമാറിയിട്ടും ഇതേക്കുറിച്ചും അന്വേഷണമില്ല.
കഴക്കൂട്ടം കേന്ദ്രീകരിച്ച് ഇയാൾ സി.പി.എം പ്രവർത്തകർക്കെതിരെ തന്നെ ഗുണ്ടാക്രമണത്തിന് മുതിരുന്നുവെന്ന സി.പി.എം നേതൃത്വം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ എസ്.എഫ്.ഐ മുൻ നേതാവും കുളത്തൂർ സ്വദേശിയുമായ ആദർശിന്റെ വീട്ടിൽ നിന്ന് അർജുനെ കഴക്കൂട്ടം പൊലീസ് പിടികൂടിയത്. അന്ന് ഒരു ദിവസം കരുതൽ തടങ്കലിൽ പാർപ്പിച്ച ശേഷം ഇയാളെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ഇയാളുടെ സുഹൃത്ത് വലയത്തിൽപ്പെട്ടവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ യുവാക്കൾക്ക് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ വൻ സാമ്പത്തിക വളർച്ചയാണ് ഉണ്ടായത്. എന്നിട്ടും ഇവരുടെ സാമ്പത്തിക സ്ത്രോതസുകളെക്കുറിച്ചും പൊലീസ് പരിശോധിച്ചിട്ടില്ല.
നവാബ് ഹുസൈന് സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ പിടിയിലോ?
തിരുവനന്തപുരം: വിദേശത്ത് നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മകനെ കാണാനില്ലന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് തിരുനെല്‍വേലി മേലെപാളയം സ്വദേശി ഷാഹുല്‍ ഹമീദ് വലിയതുറ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാസം 30ന് അബുദാബിയില്‍ നിന്നും എത്തിയ ഇയാളുടെ മകന് നവാബ് ഹുസൈനെ(39) കാണാനില്ലെന്നാണ് പരാതി.
ഇയാളെ കാണാതായതിന്റെ പിന്നില്‍ സ്വര്‍ണം പൊട്ടിക്കൽ സംഘത്തിന് ബന്ധമുണ്ടെന്നാണ് ആരോപണം. ദിവസങ്ങള്‍ക്ക് മുമ്പ് വിദേശത്ത് നിന്നെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്ന് സ്വര്‍ണം അടങ്ങിയ ബാഗ് വിമാനത്താവളത്തിന് പുറത്ത് പാര്‍ക്കിങ് ഏര്യയില്‍ വച്ച് നാലംഗസഘം തട്ടിപറിച്ച് കടന്ന് കളഞ്ഞിരുന്നു. പൊലീസ് നടത്തിയ ബുദ്ധിപരമായ നീക്കത്തിനൊടുവിലാണ് സംഘം പിടിയിലായത്. ഇതിന് തൊട്ടു മുമ്പ് വിമാനത്താവളത്തില്‍ വന്നിറങ്ങി ഓട്ടോയില്‍ നഗരത്തിലേക്ക് യാത്രചെയ്യുകയായിരുന്ന എത്തിയ തമിഴ്നാട് മേലേപാളയം സ്വദേശിയെ തകരപ്പറമ്പില്‍ വച്ച് ഓട്ടോയില്‍ നിന്നും തട്ടി കൊണ്ടുപോയി മർദിച്ച് ഇയാളില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സ്വര്‍ണം ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഇയാളെ റോഡില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.