1. മോഷണം നടന്ന അമ്പലത്തറ ശിവക്ഷേത്രത്തിൽ പൊലീസ് പരിശോധന നടത്തുന്നു
2. മോഷണം നടന്ന അമ്പലത്തറ ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചി
തിരുവനന്തപുരം: നഗരത്തിലെ അമ്പലത്തറയിലും കൊഞ്ചിറവിളയിലും ക്ഷേത്രങ്ങളിൽ മോഷണം. 45 മില്ലി ഗ്രാം സ്വർണപ്പൊട്ടും പണവും മൊബൈൽ ഫോണും ഉൾപ്പെടെ നഷ്ടപ്പെട്ടു. അമ്പലത്തറ ശിവക്ഷേത്രത്തിലും കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രത്തിലുമാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്.
ശിവക്ഷേത്രത്തിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ്, ശിവന്റെയും മറ്റു ഉപദേവതകളുടെയും മുന്നിലുണ്ടായിരുന്ന കാണിക്ക വഞ്ചിയുടെ പൂട്ട് പൊളിച്ച് 10000 രൂപയോളം കവർന്നു. പുലർച്ചെ 12.15നും ഒന്നിനും ഇടയിലായിരുന്നു സംഭവം. രാവിലെ ക്ഷേത്രം തുറക്കാൻ വന്ന പൂജാരിയും ജീവനക്കാരുമാണ് മോഷണ വിവരം അറിഞ്ഞത്. കരയോഗം സെക്രട്ടറി അമ്പലത്തറ സതീഷ് കുമാർ പൂന്തുറ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരുടെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. ഒരുനടയിലെ കാണിക്കക്കുടം പൊളിച്ചു നോട്ടുകൾ കൊണ്ട് പോയിട്ടുണ്ട്. നാണയങ്ങൾ കൊണ്ട് പോകാൻ സാധിച്ചില്ല. പട്രോളിങ് ഭാഗമായി പുലർച്ചെ മൂന്നിന് ക്ഷേത്രത്തിനു മുന്നിൽ എത്തിയതായി പൊലീസിന്റെ ബുക്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. ശിവരാത്രി ഉത്സവവും പ്രതിഷ്ഠ ദിനവും അടുത്ത ആഴ്ചയിൽ തുടങ്ങുന്നതിനു മുന്നോടിയായി അമ്പലത്തിൽ നിരവധി പണികൾ നടക്കുന്നുണ്ട്. തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.
കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരുന്നു മോഷണം. ക്ഷേത്രത്തിൽ അധിക്രമിച്ച് കയറി മേശയിൽ സൂക്ഷിച്ചിരുന്ന 45 മില്ലി ഗ്രാമുള്ള സ്വർണപ്പൊട്ടും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 2350 രൂപ, 17000 രൂപ വരുന്ന സാംസങ് ടാബ് എന്നിവയും സെക്യൂരിറ്റി ജിവനക്കാരന്റെ മൊബൈൽ ഫോണും മോഷ്ടിച്ചു. നാഗർ, യോഗീശ്വര നടകളിലെ കാണിക്ക വഞ്ചികളുടെ പൂട്ട് പൊളിച്ച നിലയിലുമായിരുന്നു. സെക്രട്ടറിയുടെ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.