സ്വർണവും പണവും മൊബൈൽ ഫോണും കവർന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

കഠിനംകുളം: മാർത്താണ്ഡം സ്വദേശിയുടെ പത്തര പവൻ സ്വർണവും പണവും മൊബൈൽഫോണും കവർന്ന പ്രതി പിടിയിൽ. സൗഹൃദം നടിച്ചായിരുന്നു സ്വർണവും പണവും ഫോണും കവർന്നത്. പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിന്‍റെ പിടിയിലായി. മാർത്താണ്ഡം സ്വദേശി സോമന്‍റെ പക്കൽ നിന്ന് സ്വർണവും പണവും കവർന്ന വർക്കല സ്വദേശി നസീർ ഖാനാണ് (44) കഠിനംകുളം പോലീസിന്‍റെ പിടിയിലായത്.

വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. തിരുവനന്തപുരം നഗരത്തിലെ ബാറിൽ വെച്ച് പരിചയപ്പെട്ട മാർത്താണ്ഡം സ്വദേശി സോമനെ പെരുമാതുറയിലെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് പത്തര പവൻ സ്വർണവും മൊബൈൽ ഫോണും 2500 രൂപയും കവർന്ന ശേഷം ദേഹോപദ്രവം ഏൽപിച്ച് നസീർ ഖാൻ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ് അവശനായ സോമൻ രക്ഷപ്പെട്ട് പ്രധാന റോഡിലെത്തി. വഴിയിൽ കണ്ടയാളോട് വിവരം പറഞ്ഞു.

തുടർന്ന് കഠിനംകുളം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ രക്ഷപ്പെട്ട നസീർഖാൻ വർക്കലയിലെ വീട്ടിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി. കവർന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്യാത്തതാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. വർക്കല പോലീസിന്‍റെ സഹായത്തോടെ വീട്ടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. നിരവധി മോഷണം, കഞ്ചാവ് കേസുകളിൽ പ്രതിയാണ് നസീർ ഖാൻ. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Suspect who stole gold, cash, and mobile phone arrested within hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.