അഗ്നിരക്ഷ സേനക്ക് കടന്നുചെല്ലാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീകെടുത്താൻ സഹായിക്കുന്ന ഹൈ റീച്ച് എക്സ്റ്റന്റബിൾ ടെററ്റ് (എച്ച്.ആർ.ഇ.ടി) ഘടിപ്പിച്ച അത്യാധുനിക വാഹനം തിരുവനന്തപുരം വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചപ്പോൾ
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഹൈ റീച്ച് എക്സ്റ്റെൻഡബിൾ ടററ്റ് (എച്ച്.ആർ.ഇ.ടി) സജ്ജീകരിച്ച അത്യാധുനിക റോസൻബൗർ പാന്തർ ക്രാഷ് ഫയർ ടെൻഡർ സേവനത്തിറക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. വിമാനാപകട രക്ഷാപ്രവർത്തനത്തിൽ അഗ്നിശമന ശേഷി ഇതിലൂടെ കൂടുതൽ ശക്തമാകും. സാധാരണ ഫയർഫൈറ്റിങ് ടററ്റുകളിൽ നിന്ന് വ്യത്യസ്തമായി, എച്ച്.ആർ.ഇ.ടി സംവിധാനത്തിന് വിമാനത്തിന്റെ പുറംഭാഗം തുളച്ച് യാത്രക്കാരുടെ കാബിനിലേക്കോ കാർഗോ വിഭാഗത്തിലേക്കോ നേരിട്ട് വെള്ളം, ഫോം തുടങ്ങിയ അഗ്നിശമന വസ്തുക്കൾ എത്തിക്കാൻ കഴിയും. 12 കോടിയലധികം രൂപയാണ് വാഹനത്തിന്റെ വില.
വാഹനത്തിലെ അത്യാധുനിക തെർമൽ ഇമേജിങ് കാമറ യാത്രക്കാരുടെ കാബിൻ, കാർഗോ വിഭാഗം തുടങ്ങിയ അടച്ചിട്ട ഭാഗങ്ങളിലെ തീയും ചൂടേറിയ ഭാഗങ്ങളും കണ്ടെത്താൻ സഹായിക്കുന്നു. പുറത്തുനിന്ന് കാണാനാകാത്ത തീപിടിത്തങ്ങൾ പോലും വേഗത്തിൽ കണ്ടെത്തി നിയന്ത്രിക്കാൻ കഴിയും. പൂർണമായി ഉയർത്തുമ്പോൾ എച്ച്.ആർ.ഇ.ടി 16.5 മീറ്റർ ഉയരത്തിലെത്താം. ഏകദേശം അഞ്ച് നില കെട്ടിടത്തിന്റെ ഉയരത്തിന് തുല്യമാണ്. ജെറ്റ്, സ്പ്രേ മോഡുകളിൽ 85 മീറ്റർ വരെ വെള്ളം ചീറ്റാനും കഴിയും. വാഹനം സഞ്ചരിക്കുന്നതിനിടയിലും ടററ്റുകൾ പ്രവർത്തിപ്പിച്ച് തീ അണക്കാൻ കഴിയുന്ന ‘പമ്പ് ആൻഡ് റോൾ’ സവിശേഷതയും ഇതിലുണ്ട്. 11,300 ലിറ്റർ വെള്ളം, 1,300 ലിറ്റർ ഫോം, 250 കിലോഗ്രാം ഡ്രൈ കെമിക്കൽ പൗഡർ എന്നിവ വഹിക്കാൻ ഈ ക്രാഷ് ഫയർ ടെൻഡറിന് കഴിയും. 30 സെക്കൻഡിൽ താഴെ സമയത്തിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാനും പരമാവധി 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.