പ്രതി രാജേഷ്
വട്ടിയൂര്‍ക്കാവ്: ഇലിപ്പോട് കുത്ത്റോഡ് ഭാഗത്തെ വീട്ടില്‍ നിന്ന് ജൂലൈ രണ്ടിന് എട്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 21000 രൂപയും മോഷ്ടിച്ച കേസിലും കുലശേഖരം കടയില്‍മുടുമ്പ് ദേവീക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസിലും പ്രതിയെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവ് കൊടുങ്ങാനൂര്‍ കടയില്‍മുടുമ്പ് പഴവിളാകത്ത് ഹൗസില്‍ രാജേഷിനെ (41-കൊപ്ര ബിജു) ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 12 ന് കുലശേഖരം കടയില്‍മുടുമ്പ് ദേവീക്ഷേത്രത്തിലെ ശ്രീകോവില്‍, കമ്മിറ്റി ഓഫിസ്, തിടപ്പളളി മുറി എന്നിവയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് സ്വര്‍ണവും കാണിക്കയും, സി.സി ടി.വി യുടെ ഡി.വി.ആറും കവർന്നു. ഓഫിസില്‍ സൂക്ഷിച്ചിരുന്ന നാല് ഗ്രാം തൂക്കം വരുന്ന മൂന്ന് സ്വര്‍ണ പൊട്ടുകളും രണ്ട് ചെറിയ മാലകളും 13, 000 രൂപയും നഷ്ടപ്പെട്ടിരുന്നു. ഭണ്ഡാരം കുത്തിപ്പൊളിച്ചും പണം കവര്‍ന്നു. ക്ഷേത്ര ഭാരവാഹികള്‍ നല്കിയ പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്.
സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളില്‍ മോഷണ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഇയാൾ നിലവില്‍ കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട് കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ ആളാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം ലോ ആന്‍ഡ് ഓഡര്‍ ഡി.സി.പി ഫറാഷ്, കന്റോണ്‍മെന്റ് എ.സി.പി സ്റ്റ്യുവര്‍ട്ട് കീലര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒ വി. അജേഷ്, എസ്.ഐമാരായ രതീഷ്, തോമസ്, വിജയകുമാര്‍, സി.പി.ഒമാരായ അനൂപ്, രാജേഷ് എന്നിവര്‍ ചേര്‍ന്ന് നിരവധി സി.സി ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.