തിരുവനന്തപുരം: നിയമനിർമാണത്തിനും ചർച്ചകളിലും നിറഞ്ഞുനിന്ന ഇന്നലെകളുടെ മങ്ങാത്ത ഓർമകളുമായി നിയമസഭ കവാടം കടന്ന് ഒരിക്കൽക്കൂടി അവരെത്തി. നിയമസഭ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പെയ്തിറങ്ങുന്ന ഓർമകൾ’ എന്ന സ്നേഹകൂട്ടായ്മയായിരുന്നു ചടങ്ങ്.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ഒത്തുചേരലിൽ മുൻ നിയമസഭ സാമാജികർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ, പത്രപ്രവർത്തകർ എന്നിവർ പങ്കെടുത്തു. മുൻ സമാജികരിൽ പലരും പ്രയാധിക്യമടക്കം ശാരീരിക അവശതകളും മറ്റ് അസൗകര്യങ്ങളും അവഗണിച്ചാണെത്തിയത്.
രാഷ്ട്രീയമായി ഭിന്നചേരിയിലായിരുന്നവർ സൗഹൃദം പുതുക്കി അടുത്തിരുന്നു. കുശലം ചോദിച്ചും താമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചും സഭാതലത്തിലെ പിന്നിട്ട നാളുകൾ ഓർത്തെടുത്തു. 25 വർഷം പൂർത്തിയാക്കുന്ന സമാജികർ, മുൻ സാമാജികർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവരിൽനിന്നുമുള്ള മുതിർന്നവരെയും ആദരിച്ചു.
നിയമസഭ സെക്രട്ടേറിയറ്റ് തയാറാക്കിയ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ഭരണഘടന നിർമാണ ചർച്ചകളുടെ പരിഭാഷ വിദഗ്ധസമിതി ചെയർമാൻ ഡോ. എൻ.കെ. ജയകുമാർ, ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻ നിയമസഭാംഗം ജേക്കബ് തുടങ്ങിയവരെ ആദരിച്ചു.
പുസ്തകോത്സവവുമായി ബന്ധപ്പെട്ട മാധ്യമ അവാർഡ്, മെഗാഷോ വിജയികൾ, മ്യൂസിയം ദിനാഘോഷവുമായി ബന്ധപ്പെട്ട ഉപന്യാസമത്സര എന്നിവർക്കുള്ള പുരസ്കാരവിതരണവും ചടങ്ങിൽ നടന്നു. ‘കോൺസ്റ്റിറ്റ്യൂഷനൽ ഫെഡറലിസം- എമർജിങ് ചലഞ്ചസ് ആൻഡ് റെസ്പോൺസസ്’ എന്ന വിഷയത്തിൽ നടന്ന സെമിനാറിലും മുൻ നിയമസഭ സാമാജികരടക്കമുള്ളവരുടെ പങ്കാളിത്തമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.