വിമാനത്താവളത്തിനുള്ളില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന് നിർദേശം

ശംഖുംമുഖം: വിമാനത്താവളത്തിനുള്ളില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികളുടെ നിർദേശം. നടത്തിപ്പ് ചുമതല അദാനിക്ക് ലഭിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിനുള്ളില്‍ പൊലീസ് സ്റ്റേഷന്‍ നിർമാണത്തിൽ സംസ്ഥാന ആഭ്യന്തരവകുപ്പ് താൽപര്യം കാട്ടുമോയെന്ന് വ്യക്തമല്ല. വിമാനത്താവള നടത്തിപ്പ് അദാനിക്ക് ലഭിക്കുന്നതിനുമുമ്പ് ഇവിടെ പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പത്ത് സെന്‍റ് സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാന്‍ അന്ന് ആഭ്യന്തര വകുപ്പ് താല്‍പര്യം കാട്ടിയില്ല.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ജീവനക്കാരും സി.ഐ.എസ്.എഫുകാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് ജീവന്‍ നഷ്ടപ്പെടാനിടയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനലിന് മുന്‍വശം പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അന്ന് തീരുമാനിച്ചതും സ്ഥലം അനുവദിച്ചതും. അന്നത്തെ ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു സ്ഥലം സംബന്ധിച്ച വ്യക്തതയുണ്ടായത്.

വിമാനത്താവളത്തില്‍ നിന്ന് അനന്തപുരി ആശുപത്രിക്ക് സമീപത്തെ ബൈപാസിലേക്കുള്ള റോഡില്‍ ഫ്ലൈ ഓവറിനടുത്ത് പത്ത് സെന്‍റ് സ്ഥലം പൊലീസ് സ്റ്റേഷനായി വിട്ടുകൊടുക്കാമെന്നായിരുന്നു വിമാനത്താവള അധികൃതരുടെ ഉറപ്പ്. ഇപ്പോൾ വിമാനത്താവളം നിയന്ത്രിക്കുന്ന അദാനി സ്ഥലം നല്‍കിയാല്‍തന്നെ ആഭ്യന്തര വകുപ്പ് പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുെമന്ന കാര്യത്തില്‍ ഉറപ്പില്ല.

നിലവില്‍ പൊലീസ് സ്റ്റേഷന് പകരം ടെര്‍മിനലിനുമുന്നിലെ കഫെറ്റീരിയക്ക് സമീപത്തായി പൊലീസിന്‍റെ എയ്ഡ്പോസ്റ്റ് ഉണ്ട്. ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതുകാരണം ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാര്‍ ദുരിതം അനുഭവിക്കുന്നു. രണ്ടുമുറികളാണ് ഒൗട്ട് പോസ്റ്റിനായി നല്‍കിയിരിക്കുന്നത്.

നിലവിൽ വിമാനത്താവളത്തിലെ ടെര്‍മിനല്‍ കെട്ടിടം, ഓപറേഷന്‍ ഏരിയ, വിമാനങ്ങള്‍ എന്നിവയുടെ സുരക്ഷ സി.ഐ.എസ്.എഫിനാണ്. ടെര്‍മിനലിന് പുറത്തുള്ള സുരക്ഷയാണ് നിലവില്‍ ലോക്കല്‍ പൊലീസിനുള്ളത്. വി.ഐ.പികളുടെ സുരക്ഷയും യാത്രാസൗകര്യം ഒരുക്കുന്നതടക്കം വിവിധ ചുമതലകൾ ഇവർക്കുണ്ട്. പൊലീസ് സ്റ്റേഷൻ ആരംഭിച്ച് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കണമെന്നും പുറത്തെ സുരക്ഷ ശക്തമാക്കണമെന്നുമാണ് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 'നിലവില്‍ ടെര്‍മിനലിന്‍റ പുറത്തെ ഭാഗങ്ങള്‍ വരുന്നത് രണ്ട് ലോക്കല്‍ പൊലീസ് സ്റ്റേഷന്‍റ പരിധിയിലാണ്. അധികാരപരിധി തര്‍ക്കവും ഇതുമൂലമുണ്ടാവുന്നു. പുതിയ സ്റ്റേഷന്‍ വന്നാല്‍ ഇൗ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനാവും.

Tags:    
News Summary - Recommendation for a police station inside the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.