കഴക്കൂട്ടം: കാര്യവട്ടം ഗവ. കോളജിലും റാഗിംങ് നടന്നതായി കണ്ടെത്തി. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസാണ് പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടത്തിയ ആൻറി-റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ച് തിങ്കൾ വൈകീട്ടോടെ കഴക്കൂട്ടം പോലീസിന് റിപ്പോർട്ട് സമർപ്പിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. സി.സി കാമറ ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്.
പതിനൊന്നാം തീയതി സീനിയർ ജൂനിയർ വിദ്യാർഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ബിൻസ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തിൽ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയിൽ അന്ന് കഴക്കൂട്ടം പോലീസ് കേസെടുത്തിരുന്നു.
അഭിഷേകിനെ അന്വേഷിച്ചെത്തിയ ഇവർ ബിൻസിനെ പിടിച്ചുകൊണ്ടുപോയി യൂണിറ്റ് മുറിയിലിട്ട് സംഘം ചേർന്ന് മർദ്ദിച്ചതായാണ് പരാതി. ഷർട്ട് വലിച്ചു കീറി മുട്ടുകാലിൽ നിറുത്തി മുതുകിലും ചെകിട്ടത്തും അടിച്ചു.തറയിൽ വീണ ബിൻസിനെ വീണ്ടും സംഘം ചേർന്ന് മർദ്ദിച്ചു. വെള്ളം ചോദിച്ചപ്പോൾ തുപ്പിയ ശേഷം കുപ്പിവെള്ളം നൽകിയതായും ബിൻസ് പറയുന്നു.
തുടർന്നാണ് ബിൻസ് കഴക്കൂട്ടം പൊലീസിലും പ്രിൻസിപ്പലിനും പരാതി നൽകിയത്. സീനിയർ വിദ്യാർഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ തുടങ്ങി ഏഴുപേരാണ് റാഗിങ് നടത്തിയതെന്നാണ് പരാതി കമ്മിറ്റിയുടെ കണ്ടെത്തലിൽ പ്രിൻസിപ്പൽ ഇന്നലെ കഴക്കൂട്ടം പോലീസിന് റിപ്പോർട്ട് നൽകിയത്. പ്രിൻസിപ്പലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റാഗിങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.