തിരുവനന്തപുരം: മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ചവ്യാധി പ്രതിരോധത്തിന് ആക്ഷൻ പ്ലാൻ തയാറാക്കി കോർപറേഷൻ. മാർച്ച് 30നകം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച പ്രവർത്തന പദ്ധതികൾക്ക് പ്രത്യേക കൗൺസിൽ യോഗം അംഗീകാരം നൽകി.
വലിച്ചെറിയൽ മുക്ത കാമ്പയിൻ, 100 ശതമാനം വാതിൽപടി അജൈവമാലിന്യ ശേഖരണം ഉറപ്പാക്കൽ എന്നിവക്ക് പ്രധാന്യം നൽകും. ആരോഗ്യവകുപ്പിന്റെ പട്ടിക പ്രകാരമുള്ള 2024 ലെ ഹോട്ട് സ്പോട്ടുകളിൽ തീവ്ര പ്രതിരോധപ്രവർത്തനങ്ങൾ നടത്തും.
ജനങ്ങളുടെ അശാസ്ത്രീയ മാലിന്യ പരിപാലനം പകർച്ചവ്യാധികൾക്കും ജല സ്രോതസ്സുകളുടെ മലിനീകരണത്തിനും കാരണമാകുന്നുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതെിരെ നടപടി സ്വീകരിച്ചു മുന്നോട്ടുപോകും. എല്ലാ വാർഡുകളിലും കൊതുകുനിവാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. പ്രവർത്തനങ്ങൾ വാർഡ് തല ശുചിത്വസമിതി 15 ദിവസത്തിലൊരിക്കൽ വിലയിരുത്തും.
എല്ലാത്തരം കിണറുകളും ക്ലോറിനേറ്റ് ചെയ്യും. ഒരു നിശ്ചിതദിവസം എല്ലാ വാർഡുകളിലേയും പാതയോരങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെയും ക്യാരി ബാഗുകളുടേയും നിരോധനം കർശനമായി നടപ്പാക്കും.
എല്ലാ വാർഡുകളിലേയും ജലാശയങ്ങൾ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. പ്രത്യേക ശേഖരണ ഡ്രൈവ് സംഘടിപ്പിച്ച് ഇ-മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്കോ അംഗീകൃത ഏജൻസിക്കോ കൈമാറാൻ നിർദേശം നൽകി.
ജലസ്രോതസുകളിലേക്ക് തുറന്ന നിലയിലുള്ള മലിനജലക്കുഴലുകൾ കണ്ടെത്തി അവ അടയ്ക്കും. പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ പരാതിപ്പെടാനുള്ള വാട്സ് ആപ് നമ്പറിന് (9446700800) പരാമാവധി പ്രചാരണം നൽകും. ലഭിക്കുന്ന പരാതികളിൽ സമയബന്ധിതമായി നടപടി ഉണ്ടാവും. വീടുകളിൽ എല്ലാ ഞായറാഴ്ചകളിലും സ്ഥാപനങ്ങൾ, തൊഴിലിടങ്ങളിൽ എല്ലാ വെള്ളിയാഴ്ചകളിലും ഡ്രൈഡേ ആചരണം കർശനമായി നടപ്പാക്കാനും നടപടികൾ സ്വീകരിക്കും.
മുൻകാലങ്ങളിലും ഇത്തരത്തിൽ പദ്ധതികൾ തയാറാക്കി നടപ്പാക്കിയെങ്കിലും ലക്ഷ്യം നേടാനായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മഴക്കാല പൂർവശുചീകരണം കാര്യക്ഷമമായി നടപ്പാക്കാത്തതിന്റെ ദുരിതം എല്ലാവർഷവും നഗരവാസികൾ അനുഭവിക്കുന്നുണ്ടെന്നും പ്രതിപക്ഷ കൗൺസിലർമാർ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.