പി. ഗോപിനാഥൻ നായർ: കറയില്ലാത്ത ഗാന്ധിയൻ, വേദങ്ങളുടെ ഉപാസകൻ

തിരുവനന്തപുരം: ക്ഷുഭിത യൗവനം പൂർണമായും രാജ്യത്തിനും ഗാന്ധിയൻ ആദർശങ്ങൾക്കും നീക്കിവെച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു പി. ഗോപിനാഥൻ നായർ. ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ പുതിയ കാലഘട്ടവുമായി ബന്ധിപ്പിച്ചിരുന്ന അവസാന കണ്ണികളിലൊരാളായിരുന്നു ഈ തൂവെള്ള ഖദർധാരി.

നൂറാം പിറന്നാൾ ആഘോഷിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെയാണ് അദ്ദേഹം കർമമണ്ഡലത്തിൽനിന്ന് യാത്രയാകുന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ പഠനശേഷം 1946ലാണ് കൽക്കട്ടയിൽ രവീന്ദ്ര നാഥ ടാഗോറിന്‍റെ ശാന്തിനികേതനിൽ ഗവേഷക വിദ്യാർഥിയായി എത്തുന്നത്. അക്കാലത്താണ് ഗാന്ധിജിയെ നേരിൽ കാണുന്നതും പിന്നീട് അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം ഇന്ത്യ വിഭജന കാലത്ത് കൽക്കട്ടയിൽ ശാന്തിസേന പ്രവർത്തനത്തിൽ വളന്‍റിയർ ആയി പങ്കെടുക്കുന്നതും.

സ്വാതന്ത്ര്യാനന്തരം കേരളത്തിൽ തിരിച്ചെത്തി കേളപ്പന്‍റെയും ലക്ഷ്മി എൻ. മേനോന്‍റെയും നേതൃത്വത്തിൽ സർവോദയ പ്രവർത്തനം ആരംഭിച്ചു. കേരള ഗാന്ധിസ്മാരക നിധിയുടെ സ്ഥാപനത്തോടെ ഗാന്ധിയൻ തത്ത്വചിന്താ പ്രചാരം ഏറ്റെടുക്കുകയും നിരവധി വിദ്യാർഥി - യുവജന പഠന ശിബിരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ഉപാസകൻ കൂടിയായിരുന്നു. 92ാം വയസ്സിൽ എഴുതി പ്രസിദ്ധീകരിച്ച 'ആകാശഗീതം ' എന്ന കാവ്യപുസ്തകം മാത്രം മതി ഇദ്ദേഹത്തിന്‍റെ സാത്വിക പരിവേഷം മനസ്സിലാക്കാൻ.

മാറാട് കലാപം നടന്ന ഘട്ടത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്‍റണിയുടെ നിർദേശപ്രകാരം ശാന്തിദൂതനായി കേരളത്തിന്‍റെ സാമൂഹികമണ്ഡലത്തില്‍ സജീവമാകാൻ അദ്ദേഹത്തിന് സാധിച്ചു.

തീർത്തും സംഘർഷഭരിതമായ അന്തരീക്ഷത്തിലേക്കാണ് 2003ലെ ഗാന്ധിജയന്തി ദിനത്തിൽ ഗോപിനാഥൻ നായരുടെ നേതൃത്വത്തിലെ സംഘം മാറാട്ടെ കടപ്പുറത്തെത്തിയത്. സ്വാതന്ത്ര്യസമര സേനാനി കെ.ഇ. മാമ്മനും അയൽക്കൂട്ട പ്രസ്ഥാനത്തിന്‍റെ അമരക്കാരനായിരുന്ന പങ്കജാക്ഷക്കുറുപ്പും തായാട്ട് ബാലനും മാറാട് നടന്ന സമാധാന സമ്മേളനത്തിൽ പങ്കെടുത്തു.

തൊട്ടടുത്ത ദിവസം മുതൽ ഗാന്ധിയൻ പ്രവർത്തകരെ അഞ്ചംഗ സംഘങ്ങളാക്കി തിരിച്ച് സമാധാന സന്ദേശവുമായി വീടുകളിലേക്കെത്തിക്കാൻ നേതൃത്വം വഹിച്ചത് ഗോപിനാഥൻ നായരായിരുന്നു. യാത്രകൾക്ക് അദ്ദേഹം തെരഞ്ഞെടുത്തിരുന്നത് ട്രെയിനിലെ സെക്കൻഡ് ക്ലാസായിരുന്നു. തനിക്ക് വരുന്ന പോസ്റ്റൽ കവറുകൾ കീറി സൂക്ഷിച്ച് അതിന്‍റെ ഇരുപുറത്തും നോട്ടുകളും കുറിപ്പുകളും ലേഖനങ്ങളും എഴുതിയിരുന്നു.

Tags:    
News Summary - P. Gopinathan Nair, Gandhian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.