വിഴിഞ്ഞത്ത് 500 കോടിയുടെ പദ്ധതികൾക്ക് തുടക്കമിട്ട് സർക്കാർ
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ കണ്ണീര് വീഴ്ത്തുന്ന ഒരു നടപടിയും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടലും നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിശോധിച്ച് സമയബന്ധിതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിർമാണം കാരണം വിഴിഞ്ഞം പ്രദേശത്തെ മത്സ്യബന്ധനയാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതിനാൽ അധിക ഇന്ധനം ചെലവായതിനുള്ള നഷ്ടപരിഹാര ഉപജീവനസഹായം മുഖ്യമന്ത്രി വിതരണം ചെയ്തു. 1,335 ഗുണഭോക്താക്കൾക്കായുള്ള 35 കോടി രൂപ നഷ്ടപരിഹാര ഉപജീവന സഹായം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകും. 260 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യബന്ധന തുറമുഖം വിഴിഞ്ഞത്ത് നിർമിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായുള്ള കൺസഷൻ കരാറിലെ വ്യവസ്ഥകളുടെ ഭാഗമായി സർക്കാർ ഫണ്ടഡ് വർക്കായാണ് തുറമുഖം നിർമിക്കുക. എം. വിൻസന്റ് എം.എൽ.എ, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷനൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.