ഭക്തി സാന്ദ്രമായ് നവരാത്രി എഴുന്നള്ളത്ത്; ഉപ്പിരിയ്ക്ക മാളികയിൽ ഉടവാൾ കൈമാറ്റം
നാഗർകോവിൽ: തിരുവനന്തപുരത്ത് നവരാത്രി പൂജവയ്പ്പിനായുള്ള ദേവഗണങ്ങളുടെ എഴുന്നള്ളത്ത് പത്മനാഭപുരം കൊട്ടാര മുറ്റത്തുനിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ടു. പത്മനാഭപുരം കൊട്ടാരം ഉപ്പിരിയ്ക്ക മാളികയിൽ നടന്ന ചടങ്ങിൽ കേരള പുരാവസ്തു വകുപ്പിന് വേണ്ടി മന്ത്രി കെ. മുരളീധരൻ, എഴുന്നള്ളത്തിന് അകമ്പടിയായി കൊണ്ടുപോകാൻ ഉടവാൾ കന്യാകുമാരി ദേവസ്വം ജോയിൻറ് കമീഷണർ എ.ഝാൻസി റാണിക്ക് കൈമാറി.
അവർ രാജപ്രതിനിധിയായി യാത്ര പോകുന്ന കുമാരകോവിൽ ദേവസ്വം മാനേജർ എ.മോഹൻകുമാറിനെ ഉടവാൾ ഏൽപ്പിച്ചു. തുടർന്ന് തേവാരക്കെട്ട് സരസ്വതി ക്ഷേത്രത്തിലെ വിഗ്രഹം തിടമ്പിലേറ്റി ആന പുറത്ത് എഴുന്നള്ളിച്ചു.
അകമ്പടി ദേവഗണങ്ങളായ വേളിമല കുമാരസ്വാമിയെയും ശുചീന്ദ്രം മുൻ ഉദിത്തനങ്കദേവിയേയും പല്ലക്കിൽ എഴുന്നള്ളിച്ചു. താലപൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൊട്ടാര മുറ്റത്ത് എത്തിയ ദേവഗണങ്ങൾക്ക് പിടി പണം നൽകിയതിനു ശേഷം പ്രത്യേക ദീപാരാധന നൽകി.
തുടർന്ന് കേരള, തമിഴ്നാട് പൊലീസ് ഗാഡ് ഓഫ് ഓണർ നൽകി. ചടങ്ങുകളിൽ എം.എൽ.എ മാരായ ആർ.ചെല്ലസ്വാമി, സി.കെ.ഹരീന്ദ്രൻ, എം.വിൻസെൻറ്, എം.ആർ.ബൈജു, കന്യാകുമാരി കലക്ടർ എം.പ്രതാപ്, എസ്.പി.അൻഷൂൽ നാഗർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ.ജയകുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ, കൗൺസിലർ ഗ്രാമം പ്രവീൺ, നവരാത്രി ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ആർ. രാജരാജവർമ്മ, റൂറൽ എസ്.പി പ്രശാന്തൻ കാണി, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ തുടങ്ങിയവർ പങ്കെടുത്തു.
ഉച്ചയോടെ കേരളപുരം ക്ഷേത്രത്തിൽ എത്തിയ എഴുന്നള്ളത്ത് വൈകുന്നേരം വിശ്രമത്തിനായി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചു. ശനിയാഴ്ച കളിയിക്കാവിള അതിർത്തിയിൽ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളും ഹൈന്ദവ സംഘടനകളും എഴുന്നള്ളത്തിന് സ്വീകരണം നൽകി കേരളത്തിലേയ്ക്ക് ആനയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.