സന്ദീപ്
പിടികൂടി വീട്ടിലെത്തിച്ച മൂർഖൻ കടിച്ചു; പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: പാമ്പുകടിയേറ്റ് പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴ് ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. പിടികൂടി സ്വന്തം വീട്ടിലെത്തിച്ച പാമ്പിന്റെ കടിയേൽക്കുകയായിരുന്നുവെന്ന് ആണ് കുടുംബം നൽകിയ വിവരം.
കഴിഞ്ഞ ദിവസം രാത്രി 11:30ഓടെ കടിയേറ്റ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ സന്ദീപ് ലൈസന്‍സുള്ള പാമ്പ് പിടുത്തക്കാരനല്ലെന്നും എന്നാൽ നാട്ടുകാർ സഹായത്തിനായി വിളിക്കുമ്പോൾ പാമ്പുപിടിക്കാറുണ്ടായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു. അങ്ങനെ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഭാഗത്തെ ഒരു വീട്ടിൽനിന്ന് പാമ്പിനെ കണ്ടെത്തിയത് സന്ദീപിനെ അറിയിച്ചതുപ്രകാരം പ്രദേശത്ത് എത്തുകയും മൂർഖനെ പിടിക്കൂടുകയും ചെയ്തിരുന്നു.
പിന്നീട് രാത്രി വീട്ടിലെത്തിയ ശേഷം, പിടിക്കൂടിയ മൂർഖൻ പാമ്പിനെ മറ്റൊരു കുപ്പിയിലേക്ക് മാറ്റുന്നതിനിടെയാണ് സന്ദീപിന് കടിയേറ്റത്. കൈവിരലിലാണ് പാമ്പ് കൊത്തിയത്. പതിവുപോലെ അടുത്ത ദിവസം തന്നെ പാമ്പിനെ വനംവകുപ്പിന് കൈമാറാനിരിക്കെയാണ് ദാരുണ സംഭവം. ഭാര്യ : രജനി. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.