തിരുവനന്തപുരം: ഇന്ത്യ ഗവണ്മെന്റിന്റെ അംഗീകാരമുള്ള ഷെയര്‍ ട്രേഡിങ് കമ്പനിയുടെ ആൾക്കാരാണെന്ന് യൂട്യൂബ് വഴി പരസ്യം നൽകി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ആറ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു മാസം കൊണ്ട് 81.5 ലക്ഷം രൂപ ഓൺലൈൻ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിലായി.
ഡൽഹി പിതംപുര സ്വദേശി -42 ഇന്ദര്‍ പ്രീത് സിങ് (42) ആണ് പിടിയിലായത്. സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മികച്ച ലാഭം വെബ്സൈറ്റിലൂടെ വ്യാജമായി കാണിച്ചാണ് ഇത്രയും രൂപ തട്ടിയത്. പരാതിക്കാരി പണം പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ ലഭിക്കാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തില്‍ നോര്‍ത്ത് ഇന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുസംഘമാണ് പിന്നിലെന്ന് മനസ്സിലായി.
പണം തട്ടിയെടുക്കാൻ വേണ്ടി ഉപയോഗിച്ച ഡൽഹിയിലുള്ള ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഡൽഹിയിൽ ചാരിറ്റി പ്രവർത്തം നടത്തുന്നതായി കാണിച്ചെടുത്ത ബാങ്ക് അക്കൗണ്ടിലാണ് എത്തിയത്. ബാങ്ക് അക്കൗണ്ട് ട്രാൻസാക്ഷനും വിവരങ്ങളും പരിശോധിച്ചതിൽ നോര്‍ത്ത് വെസ്റ്റ് ഡൽഹി പിതംപുര സ്വദേശിയായ ഇന്ദര്‍ പ്രീത് സിങ് ആണ് വ്യാജബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടിയെടുത്തതെന്ന് ബോധ്യമായി.
സിറ്റി പൊലീസ് കമീഷണര്‍ തോംസൺ ജോസിന്റെ നിർദേശ പ്രകാരം ഡെപ്യൂട്ടി കമീഷണര്‍ ഫറാഷ്, സിറ്റി സൈബര്‍ ക്രൈം അസി. കമീഷണര്‍ പ്രകാശ്, ഇന്‍സ്പെക്ടര്‍ എസ്. നിയാസ്, സിവില്‍ പൊലീസ് ഓഫിസർമാരായ സമീർഖാൻ, ശ്രീജിത്ത്, റോയ്, ഗോവിന്ദ് മോഹൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഡല്‍ഹിയില്‍ പ്രതിയെ പിടികൂടിയത്.
പരാതിക്കാരിയില്‍ നിന്ന് തട്ടിയെടുത്ത പണം കണ്ടെത്താനുളള നടപടി പൊലീസ് സ്വീകരിച്ചുവരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.