തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന കേരള പൊലീസ് കായികമേളയുടെ സമാപന
ചടങ്ങിൽ ഓവറോൾ ചാമ്പ്യന്മാരായ ഇന്ത്യ റിസർവ് ബറ്റാലിയൻ അംഗങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം
സംസ്ഥാന പൊലീസ് കായികമേള; ആവേശപ്പോരിൽ ഐ.ആർ.ബി ജേതാക്കൾ
തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ട 47ാംമത് പൊലീസ് അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിന് തിരശ്ശീല വീണപ്പോൾ 133 പോയന്റുകളുമായി ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി) ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 126 പോയന്റ് നേടിയ കേരളാ ആംഡ് വുമൺ പൊലീസ് ബറ്റാലിയനെ പിന്തള്ളിയാണ് ഈ നേട്ടം. കണ്ണൂർ സിറ്റി 99 പോയന്റുമായി മൂന്നാം സ്ഥാനം നേടി. മികച്ച പുരുഷ, വനിത അത്ലറ്റുകൾക്കുള്ള പുരസ്കാരങ്ങൾക്ക് അർഹരായത് ബോബി സാബുവും ആൻറോസ് ടോമിയുമാണ്. മികച്ച ജില്ലയ്ക്കുള്ള റണ്ണേഴ്സ് ഓഫ് ട്രോഫി ഇടുക്കിയും മികച്ച ജില്ലക്കുള്ള എവർ റോളിങ് ട്രോഫി കണ്ണൂരും നേടി. മികച്ച സേനാംഗങ്ങൾക്കുള്ള റണ്ണേഴ്സ് അപ് എവർ റോളിങ് േട്രാഫി കേരളാ ആംഡ് വുമൺ പൊലീസ് ബറ്റാലിയൻ സ്വന്തമാക്കി.
മികച്ച ബറ്റാലിയനുള്ള ഡി.ജി.പിയുടെ എവർറോളിങ് ട്രോഫിയും ഇന്ത്യ റിസർവ് ബറ്റാലിയൻ നേടി. ട്രാക്ക്, ഫീൽഡ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇന്ത്യ റിസർവ് ബറ്റാലിയൻ ഇത്തവണത്തെ ചാമ്പ്യന്മാരായത്. ആദ്യ രണ്ട് ദിവസം 79 പോയന്റുകൾ നേടിയ കേരള ആംഡ് വുമൺ പൊലീസ് ബറ്റാലിയനെ പിന്നിലാക്കിയാണ് ഇന്ത്യ റിസർവ് ബറ്റാലിയൻ ഒന്നാമതായത്. ട്രാക്ക് ഇവന്റുകളിൽ 129 പോയന്റുകളോടെയാണ് ഇന്ത്യ റിസർവ് ബറ്റാലിയൻ ഒന്നാമത് എത്തിയത്.
അത്ലറ്റിക്സിൽ അവസാന മത്സരങ്ങളായ പുരുഷ, വനിതാ വിഭാഗം 100 മീറ്ററും 4x400 മീറ്റർ റിലേയുമാണ് ഐ.ആർ.ബിയെ മുന്നിലെത്തിച്ചത്. നാല് പുതിയ റെക്കോഡുകൾ പിറന്നതും ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ഈ മീറ്റിന്റെ പ്രത്യേകത.
ജാവലിൻ േത്രായിൽ 1950ൽ എസ്.എ.പി താരമായ പി.വി തോമസ് സ്ഥാപിച്ച 60.96 മീറ്റർ റെക്കോഡ് തിരുത്തിയത് കേരള ആംഡ് പൊലീസ് ബറ്റാലിയൻ ഒന്നാം ബറ്റാലിയനിലെ അരുൺ ബേബിയാണ്. ഹൈജമ്പിൽ ഹവിൽദാർ ആതിര സോമരാജ്. 15 വർഷം മുമ്പ് കെ.എ.പി ഒന്നാം ബറ്റാലിയനിലെ ടിന്റു എൻ.ഡി സ്ഥാപിച്ച 1.66 മീറ്റർ റെക്കോഡാണ്, 1.70 മീറ്റർ ചാടി ആതിര മറികടന്നത്. 110 മീറ്റർ ഹർഡ്സിൽ കെ.എ.പി രണ്ടാം ബറ്റാലിയൻ താരം സഹദ് പുതിയ റെക്കോഡ് സൃഷ്ടിച്ചു. 2012 എസ്.എ.പി താരം നേടിയ 15.20 സെക്കൻഡ് എന്ന റെക്കോഡാണ് സഹദ് തിരുത്തിയത്. 39 വർഷം പഴക്കമുള്ള മറ്റൊരു റെക്കോഡാണ്, അത്ലറ്റിക് മീറ്റിന്റെ അവസാനദിനത്തിൽ കെ.എ.പി ഒന്നാം ബറ്റാലിയൻ താരം ബോബി സാബു പുതുക്കിയത്. 1987ൽ എ.പി.ടി.സി താരം സുഭാഷ് ജോർജ് ട്രിപ്പിൾ ജമ്പിൽ സ്ഥാപിച്ച 15.27 മീറ്റർ എന്ന റെക്കോഡാണ് 15.93 മീറ്റർ ചാടി ബോബി പഴങ്കഥയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.