തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ദന്ത ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി ന്യൂനപക്ഷ കമീഷൻ. തിരുവനന്തപുരം സിറ്റി കമീഷൻ ആസ്ഥാനത്ത് നടന്ന സിറ്റിങ്ങിലാണ് ചെയർമാൻ എ.എ. റഷീദ് ആരോഗ്യവകുപ്പ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
സർക്കാർ ആശുപത്രികളിൽ അസി. ദന്തൽ സർജൻമാരെ നിയമിക്കുന്നതിനായി പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ആഗസ്റ്റിൽ അവസാനിക്കുന്നതിനാൽ തസ്തിക സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് തിരുമല സ്വദേശിനി ഹർജി സമർപ്പിച്ചിരുന്നു.
ഇതിന്മേൽ ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടർ, കേരള പബ്ലിക് സർവിസ് കമീഷൻ സെക്രട്ടറി എന്നിവരോട് കമീഷൻ റിപ്പോർട്ട് തേടി. 130 അസി. ദന്തൽ സർജൻമാരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ഹാജരാക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് കമീഷൻ നിർദേശം നൽകിയത്.
ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് നടപ്പാലം അനുവദിക്കണമെന്ന മസ്ജിദുൾ ഇജാബ സെക്രട്ടറി സമർപ്പിച്ച ഹരജിയും പരിഗണിച്ചു.
ദേശീയപാത നിർമാണം പുരോഗമിക്കുകയാണെന്നും പണിപൂർത്തിയാകുന്ന മുറക്ക് പ്രസ്തുത സ്ഥലത്ത് നടപ്പാലം ആവശ്യമെങ്കിൽ നിർമിച്ചു നൽകുമെന്ന ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി കമീഷൻ അവസാനിപ്പിച്ചു.
അയൽവാസി വഴി കൈയേറുന്നത് കാരണം സഞ്ചരിക്കാൻ സാധിക്കുന്നില്ലെന്ന കിഴുവിലം സ്വദേശിയുടെ പരാതി പരിഗണിച്ച കമീഷൻ ഇരുകക്ഷികളെയും നേരിൽകേട്ട് പ്രശ്നം പരിഹരിക്കുവാൻ കലക്ടർക്ക് നിർദേശം നൽകി. സംസ്ഥാന ന്യൂനപക്ഷ കമീഷന് 9746515133 എന്ന നമ്പരിൽ വാട്ട്സ് ആപ്പിലൂടെയും പരാതി സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.