തകർന്ന മണ്ണാമ്മൂല-പൈപ്പിൻ മൂട് റോഡിലെ ദൃശ്യങ്ങൾ
തിരുവനന്തപുരം: കൗൺസിലർമാർ മൂന്നുപേർ, ഒരേയൊരു റോഡ്, മാസങ്ങളോളമായി ഇതുവഴിയുള്ള യാത്ര നരകതുല്യം. മണ്ണാമൂല-പൈപ്പിൻമൂട് റോഡിനാണ് ഈ ദുഃസ്ഥിതി. നിർത്താതെ പെയ്യുന്ന മഴ കൂടിയായപ്പോൾ വൻ കുഴികളും രൂക്ഷമായ വെള്ളക്കെട്ടുമാണ് പലസ്ഥലത്തും രൂപപ്പെട്ടത്. പേരൂർക്കട വഴിയുള്ള തിരക്കിൽപെടാതെയും വട്ടിയൂർക്കാവിലെ ഗതാഗതക്കുരുക്കിൽ പെടാതെയും വാഹനയാത്രക്കാർക്ക് വേഗം തലസ്ഥാനനഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന ഏക ഷോട്ട്കട്ട് റോഡിനാണ് ഈ ദുരിതം.
നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴികടന്നുപോകുന്നത്. റെസിഡൻഷ്യൽ മേഖല കൂടിയായതിനാൽ ഇവിടത്തെ പ്രദേശവാസികൾക്കും വാഹനവുമായി പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. റോഡിൽ ടാറിന്റെ ഒരംശം കാണാൻ കിണഞ്ഞ് ശ്രമിക്കണം. കോർപറേഷന് കീഴിലാണ് റോഡ് വരുന്നത്. മണ്ണാമ്മൂല ഭാഗത്ത് ഒരു കൗൺസിലർക്കാണ് ചുമതല. കുറച്ചു മാറി അതു കാഞ്ഞിരംപാറ കൗൺസിലറുടെ പരിധിയിൽ വരും. അതുകഴിഞ്ഞ് പൈപ്പിൻമൂട്ടിലേക്ക് എത്താറാകുമ്പോൾ മറ്റൊരു കൗൺസിലറുടെ പരിധിയാകും.
അങ്ങനെ മൂന്ന് കൗൺസിലർമാരുടെ ഭരണപ്രദേശത്തെ റോഡിനാണ് ഇനിയും ശാപമോക്ഷം ഉണ്ടാകാത്തത്. കോൺഗ്രസ് ഒഴികെ രണ്ടു പ്രധാനമുന്നണികളുടെ കൗൺസിലർമാരാണ് ഈ മൂന്നുപേരും. ഇതിനിടെ ഒരുമാസംമുമ്പ് റോഡിന്റെ ദുരിതം കണ്ട് ‘കൗൺസിലർ എവിടെ’ എന്നെഴുതിയ ബോർഡ് സി.പി.എം പൈപ്പിൻമൂട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പൈപ്പിൻമൂട് ഭാഗത്ത് സ്ഥാപിക്കുയുണ്ടായി.
കൂടാതെ, ആംആദ്മി പാർട്ടിയും റോഡിന്റെ ദുഃസ്ഥിതിയിൽ പ്രതിഷേധത്തിലാണ്. റോഡ് നന്നാവാൻ ഒരു തെരഞ്ഞെടുപ്പ് വരണമെന്നാണ് നാട്ടുകാർ പറയുന്നത്. കൗൺസിലർമാർക്കും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയകക്ഷികൾക്കും നേട്ടമുണ്ടാക്കാൻ പറ്റാത്ത ഒരു സമയമാണ് ഇപ്പോൾ. അതാണ് ഈ റോഡ് ഈ രീതിയിൽ കിടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.