വർക്കല: നഗരസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വർക്കല നഗരസഭയുടെ ഭരണത്തിലെത്താൻ മുന്നണികൾ സജീവമായി രംഗത്ത്. നഗരസഭയുടെ ചരിത്രത്തിലില്ലാത്ത വിധം വികസന പ്രവർത്തനങ്ങൾ നടത്താനായത് നേട്ടമാണെന്ന് ഭരണസമിതിയെ നയിക്കുന്ന സി.പി.എം അവകാശപ്പെടുമ്പോൾ വാചക കസർത്ത് മാത്രമാണിതെന്നാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസും ബി.ജെ.പിയും വിമർശിക്കുന്നത്. ആകെ സീറ്റ് 33 വാർഡുകളുള്ള നഗരസഭ നിലവിൽ എൽ.ഡി.എഫ് ഭരണത്തിലാണ്. സി.പി.എം-11, സി.പി.ഐ -ഒന്ന്, കോൺഗ്രസ് -ഏഴ്, ബി.ജെ.പി -11, സ്വതന്ത്രർ -മൂന്ന് ഇങ്ങനെയാണ് നിലവിലെ കക്ഷിനില.
സ്വതന്ത്രരിൽ ഒരാൾ ബി.ജെ.പി വിമതനായിരുന്നു. മറ്റു രണ്ട് പേർ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും വിമതരുമായിരുന്നു. കോൺഗ്രസ് വിമത കുമാരി സുദർശിനിയെ വൈസ് ചെയർപേഴ്സൺ പദവി കൊടുത്തും സി.പി.എം വിമത ആമിന അലിയാരെ അനുനയിപ്പിച്ച് ഒപ്പം കൂട്ടിയുമാണ് ഭൂരിപക്ഷം തികപ്പിച്ച് ഇടതുപക്ഷം അധികാരത്തിലെത്തിയത്. ഒരു വർഷം കഴിഞ്ഞപ്പോൾ ആമിന ഭരണകക്ഷിക്കുള്ള പിന്തുണ പിൻവലിച്ചു. നഗരസഭയുടെ ഒടുവിലത്തെ ബജറ്റ് സമ്മേളനങ്ങളിലും ബജറ്റ് പാസ്സാക്കാനാവാത്ത വിധം പ്രശ്നങ്ങളാൽ കൗൺസിൽ പ്രതിസന്ധികളിൽപ്പെട്ടിരുന്നു. ബി.ജെ.പിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തണമെന്ന കെ.പി.സി.സിയുടെ തീരുമാന പ്രകാരം എതിപ്പുകളും ബഹളങ്ങളും ഉയർത്തി കോൺഗ്രസ് കൗൺസിലർമാർ വാക്കൗട്ട് നടത്തിയാണ് ഭരണ കക്ഷിയെ അധികാരത്തിൽ തുടരാൻ സാഹചര്യം ഒരുക്കിക്കൊടുത്തത്.
സി.പി.എമ്മിലെ കെ.എം.ലാജിയായിരുന്നു നഗരസഭാ ചെയർമാൻ. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ദിവസങ്ങൾക്ക് മുമ്പ് കോടതി അസാധുവാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വരുമാനം മറച്ചുവെച്ചുവെന്ന എതിർ സ്ഥാനാർത്ഥിയുടെ അപ്പീൽ കേസിലാണ് വിധിയുണ്ടായത്. തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ചെയർമാന്റെ വിജയം അസാധുവാക്കിയത്സി.പി.എമ്മിന് കനത്ത തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.