മൃഗശാലയിൽ സംരക്ഷണത്തിൽ കഴിയുന്ന സിഹക്കുഞ്ഞിനെ ഡോ. നികേഷ് കിരൺ
പരിചരിക്കുന്നു
തിരുവനന്തപുരം: മൃഗശാലയിലെ നൈല- ലിയോ എന്നീ സിംഹങ്ങൾക്ക് ജനുവരി 21ന് ജനിച്ച കുഞ്ഞുങ്ങൾ പിച്ചവെച്ചുതുടങ്ങി. നൈലയുടെ കഴിഞ്ഞ പ്രസവത്തിലെ കുഞ്ഞുങ്ങൾ ചത്തുപോയതിനാൽ ഇത്തവണ അധികൃതർ കൂടുതൽ മുൻകരുതലെടുത്താണ് ഇവയെ പരിചരിച്ചത്.
ഇത്തവണ മൂന്ന് കുഞ്ഞുങ്ങൾ ജനിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ഒരെണ്ണം അപ്പോൾതന്നെ ചത്തു. കൂടാതെ മറ്റു കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നെങ്കിലും മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ അടിയന്തര ശുശ്രൂഷകൾ നൽകി. ഇതിനിടെ അമ്മ സിംഹം നൈലക്ക് ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്തത് വെല്ലുവിളിയുമായി.
കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അടിയന്തരമായി രാത്രി തന്നെ കുഞ്ഞുങ്ങളെ മൃഗശാലയിലെ ആശുപത്രിയിലേക്ക് മാറ്റി ഇൻക്യുബേറ്റർ സഹായം നൽകി. വെറ്ററിനറി സർജന്റെ മേൽനോട്ടത്തിൽ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജിജോ, നഹാസ്, അനിമൽ കീപ്പർ അനിൽ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപവത്കരിച്ച് ചികിത്സ ആരംഭിച്ചു. കുഞ്ഞുങ്ങൾ സ്വന്തമായി പാൽ വലിച്ച് കുടിക്കാൻ തുടങ്ങിയതോടെ കുഞ്ഞുങ്ങളെ ഇൻക്യൂബേറ്ററിൽനിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി.
ദിവസം ആറു മണിക്കൂർ ഇടവേളയിലാണ് കുഞ്ഞുങ്ങൾക്ക് പാൽ നൽകേണ്ടത്. ഫ്രഞ്ച് ബ്രാൻഡായ റോയൽ കാനിൻ എന്ന പാൽപ്പൊടിയാണ് ഇപ്പോൾ സിംഹക്കുട്ടികൾക്ക് നൽകുന്നത്. ആദ്യ ദിവസം 1.850 കിലോ ആയിരുന്നു ആൺകുഞ്ഞിന്റെ ഭാരം, പെൺകുഞ്ഞിന് 1.650 കിലോ. ഇപ്പോൾ ഒരു മാസം പ്രായമായതോടെ ആൺകുഞ്ഞിന് 3.150 കിലോയും പെൺകുഞ്ഞിന് 2.850 കിലോയും ഭാരമായി.
ആദ്യ 10 ദിവസത്തോളം കണ്ണുകൾ തുറക്കാത്ത കുഞ്ഞുങ്ങളുടെ ഇപ്പോഴത്തെ മാതാപിതാക്കൾ ദൗത്യസംഘമാണ്. ഏറ്റവും അപകടകരമായ ആദ്യ 30 ദിവസം കടന്നെങ്കിലും ഇതിനിടയിൽ ഒരിക്കൽ പെൺകുഞ്ഞ് രക്തത്തിലെ പഞ്ചസാര കുറഞ്ഞതിനെ തുടർന്ന് അപകടാവസ്ഥയിലായിരുന്നു. രാപ്പകലില്ലാതെ സംഘം നടത്തിയ പരിശ്രമ ഫലമായാണ് കുഞ്ഞുങ്ങൾ അപകടനില തരണം ചെയ്തതെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി പറഞ്ഞു.
അപകടനില കടന്നെങ്കിലും ഇനിയും കടമ്പകൾ കടക്കാനുണ്ടെന്ന് വെറ്ററിനറി സർജൻ പറഞ്ഞു. സ്വന്തമായി ഇറച്ചി കഴിക്കാൻ തുടങ്ങുന്നതോടെ ഇവരെ തുറന്ന കൂട്ടിലേക്ക് മാറും. അതുവരെ മൂന്നുമാസത്തോളം ഇവയെ ആശുപത്രിയിൽ സജ്ജീകരിച്ച നഴ്സറിയിൽ തന്നെ പരിപാലിക്കും. അതിനുശേഷമായിരിക്കും കുഞ്ഞുങ്ങൾക്ക് പേരിടുകയെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.