തിരുവനന്തപുരം: വികസന മുന്നേറ്റ ജാഥകൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടന്നതോടെ എൽ.ഡി.എഫിലെ സീറ്റുകളിൽ നിലവിലെ സ്റ്റാറ്റസ്കോ തുടരാനുള്ള നീക്കവുമായി സി.പി.എം. ഒരു കക്ഷിക്കും അധിക സീറ്റ് നൽകാതെ എല്ലാവരും അവരവരുടെ സീറ്റുകളിൽ മത്സരിക്കുകയെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള തീരുമാനം ശനിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായേക്കും. ഘടകക്ഷികൾ പരസ്പരം സീറ്റുകൾ വെച്ചുമാറുന്നതിന് പാർട്ടി തടസ്സം നിൽക്കില്ല. കഴിഞ്ഞതവണ മത്സരിച്ചതിനപ്പുറം അധിക സീറ്റുകൾ ആരും പ്രതീക്ഷിക്കേണ്ടെന്ന് സി.പി.എം മറ്റുപാർട്ടികൾക്ക് നേരത്തേ പരോക്ഷ മുന്നറിയിപ്പ് നൽകിയിരുന്നു. ആർ.ജെ.ഡി മാത്രമാണ് ഇക്കാര്യത്തിൽ പരസ്യമായി ഭിന്നസ്വരം ഉയർത്തി കൂടുതൽ സീറ്റുകളാവശ്യപ്പെട്ടത്.
തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി നേരത്തെ മത്സരിച്ച സീറ്റുകളിലേതെങ്കിലും രണ്ടെണ്ണം കൂടിവേണമെന്നതിൽ ഉറച്ചുനിൽക്കുകയാണെന്ന് ആർ.ജെ.ഡിയുടെ മുതിർന്ന നേതാവ് പറഞ്ഞു.
കഴിഞ്ഞ തവണ 13 സീറ്റ് അനുവദിച്ചിട്ടും സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇത്തവണ കുറ്റ്യാടിയോ അല്ലെങ്കിൽ പ്രേരാമ്പ്രയോ വേണമെന്നാണ് കേരള കോൺഗ്രസ് എം ആവശ്യപ്പെടുന്നത്.
അധിക സീറ്റ് ആവശ്യങ്ങൾ എന്തെങ്കിലും ഫോർമുലയിലൂടെ മറികടക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. തൊണ്ടിമുതൽ കേസിൽ ആന്റണി രാജു അയോഗ്യനായതോടെ ജനാധിപത്യ കേരള കോൺഗ്രസിന്റെ തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുത്തേക്കുമെന്നാണ് വിവരം. മേൽകോടതിയുടെ കനിവിൽ ആന്റണി രാജുവിന് മത്സരിക്കാനായാൽ സീറ്റ് ഏറ്റെടുക്കാനുള്ള സാധ്യത വിരളവുമാണ്.
കഴിഞ്ഞ തവണത്തെ സ്റ്റാറ്റസ്കോ നിലനിർത്താനായാൽ സി.പി.എം 86, സി.പി.ഐ 25, കേരള കോൺഗ്രസ് എം 12, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ നാല്, ആർ.ജെ.ഡി മൂന്ന്, എൻ.സി.പി മൂന്ന്, ഐ.എൻ.എൽ മൂന്ന്, ജനാധിപത്യ കേരള കോൺഗ്രസ് ഒന്ന്, കേരള കോൺഗ്രസ് ബി ഒന്ന്, കേരള കോൺഗ്രസ് എസ് ഒന്ന്, ആർ.എസ്.പി (ലെനിനിസ്റ്റ്) ഒന്ന് എന്നിങ്ങനെയാവും മത്സര രംഗത്തുണ്ടാവുക. തിങ്കളാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ ഉഭയകക്ഷി ചർച്ചക്കുള്ള തീയതി നിശ്ചയിച്ചാവും ഓരോ കക്ഷികളുമായുള്ള സീറ്റ് ചർച്ച സി.പി.എം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.