കിളിമാനൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം കോൺഗ്രസ് തരംഗമുണ്ടായപ്പോൾ കിളിമാനൂരിൽ പാർട്ടിക്ക് അടിതെറ്റിയെന്ന് പ്രവർത്തകരും പ്രദേശിക നേതൃത്വവും. മേഖലയിൽ കഴിഞ്ഞതവണ വൻഭൂരിപക്ഷത്തോടെ വിജയിച്ച രണ്ട് പഞ്ചായത്തുകൾ ഇക്കുറി കോൺഗ്രസിനെ കൈവിട്ടു. മറ്റ് രണ്ട് പഞ്ചായത്തുകൾ പിടിക്കാനായതാണ് ആശ്വാസം. കിളിമാനൂർ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ മോശം പ്രകടനം അണികളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാനായ കിളിമാനൂർ പഞ്ചായത്തിൽ ഇത്തവണ കോൺഗ്രസിന് അടിപതറി. ഒരു വാർഡ് അധികം വന്നിട്ടും കഴിഞ്ഞതവണയിലെ 10ൽ നിന്ന് അഞ്ച് സീറ്റായി കുറഞ്ഞു. പ്രാദേശിക നേതാക്കൾ തമ്മിലെ തർക്കങ്ങൾ യഥാസമയം പരിഹരിക്കാതെപോയതും പ്രസിഡന്റ് പദത്തിലെ മാറ്റവും ഇതേച്ചൊല്ലിയുള്ള ഭിന്നതയും പാർട്ടി സ്ഥാനാർഥിക്കെതിരെ സ്ഥിരംസമിതി അധ്യക്ഷൻ പത്രിക നൽകിയതും പ്രചാരണ ഘട്ടത്തിൽ പ്രതിസന്ധിയുണ്ടാക്കി.
പുളിമാത്ത് പഞ്ചായത്തിന്റെയും അവസ്ഥ മറിച്ചല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വ്യക്ത മായ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയെങ്കിലും ഇക്കുറി പൂർണ നിരാശയാണുണ്ടായത്. കാരേറ്റ് മത്സരിച്ച വൈസ് പ്രസിഡൻറും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമായ അഹമ്മദ് കബീർ പരാജയപ്പെട്ടു.
നഗരൂരിൽ സ്വതന്ത്രന്റെ സഹായത്താൽ കഴിഞ്ഞതവണ ഭരണംപിടിച്ച എൽ.ഡി.എഫിനെ ഇക്കുറി പരാജയപ്പെടുത്താൻ കോൺഗ്രസിനായില്ല. ഇക്കുറി മൂന്ന് വാർഡുകളിൽ മാത്രമാണ് വിജയിക്കാനായത്. ഒന്നിലേറെ വാർഡുകളിലുണ്ടായ റിബൽ സാന്നിധ്യം പരാജയകാരണമായി. അഞ്ചാം വാർഡിൽ ആദ്യം കോൺഗ്രസ് സ്ഥാനാർഥിയായ ആളെ പിന്നീട് മറ്റൊരാൾക്കുവേണ്ടി മാറ്റി. ഈ വാർഡിലും കോൺഗ്രസ് തോൽവി ഏറ്റുവാങ്ങി.
കരവാരത്ത് ബി.ജെ.പി ഏഴിൽനിന്ന് ഒന്നായി ചുരുങ്ങിയിട്ടും അതിന്റെ നേട്ടം കോൺഗ്രസിന് കിട്ടിയില്ല. രണ്ട് സീറ്റിൽ പാർട്ടി ഒതുങ്ങി. പഴയകുന്നുമ്മേൽ പിടിച്ചെടുക്കാൻ പാർട്ടി ഒട്ടും താൽപര്യം കാട്ടിയില്ലെന്ന അമർഷവും പ്രവർത്തകർക്കിടയിലുണ്ട്.േ ബ്ലാക്ക് കമ്മിറ്റി മുതൽ താഴേക്ക് ശക്തമായ അഴിച്ചുപണിയുണ്ടായാലേ പാർട്ടി ശക്തിപ്പെടൂവെന്ന് ഒരു മുതിർന്ന നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.