ഗൃഹനാഥന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് ഉപരോധിക്കുന്നു
കിളിമാനൂര്‍: സംസ്ഥാന പാതയില്‍ കിളിമാനൂർ പാപ്പാലയിൽ മദ്യപസംഘം ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. യുവജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളുമൊക്കെ സമരത്തിന് ആഭിമുഖ്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഗൃഹനാഥന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്തതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും കിളിമാനൂര്‍ പൊലീസ് ഗുരുതര വീഴ്ചവരുത്തിയതായി ആരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. കുമ്മിൾ പഞ്ചായത്തില്‍ പുതുക്കോട് രാജേഷ് ഭവനില്‍ രഞ്ജിത്തി (40) ന്റെ മൃതദേഹവുമായാണ് നാട്ടുകാരും ജനപ്രതിനിധികളും കിളിമാനൂര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്.
രഞ്ജിത്തിന്റെ യും ഭാര്യ അംബികയുടെയും മരണത്തിന് കാരണമായ ജീപ്പ് തിങ്കളാഴ്ച രാത്രി പൊലീസ് സ്റ്റേഷന് സമീപം ഭാഗീകമായി കത്തിയതും പൊലീസിനു നേരെയുള്ള പ്രതിഷേധത്തിന് ആക്കം കൂട്ടി. കഴിഞ്ഞ നാലിന് വൈകിട്ട് 3.30 ന് സംസ്ഥാന പാതയില്‍ പാപ്പാലയിലായിരുന്നു അപകടമുണ്ടായത്. നാട്ടുകാര്‍ പിന്‍തുടരുന്നത് കണ്ടതോടെ വണ്ടി ഉപേക്ഷിച്ച് രണ്ടുപേര്‍ രക്ഷപ്പെട്ടു. ഒരാളെ പിടികൂടി പൊലീസിന് കൈമാറി.
വണ്ടി ഓടിച്ചിരുന്ന കാരക്കോണം ശ്രീവാസില്‍ വിഷ്ണു (39) നെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അമിത മദ്യ ലഹരിയിലായിരുന്നതിനാല്‍ അടുത്തദിവസം ഹാജരാകാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. പിന്നീട് ഇയാള്‍ ഒളിവില്‍ പോവുകയും, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയും ചെയ്തു. വാഹനത്തില്‍ നിന്ന് രണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയിരുന്നു. ഇവരും വണ്ടിയില്‍ സഞ്ചരിച്ചിരുന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. എന്നാല്‍ ഇരുവരും വിഷ്ണുവിന്റെ സുഹൃത്തുക്കളാണെന്നും, ഇവരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
കേസിന്റെ തുടക്കം മുതല്‍ പൊലീസ് പ്രതികളെ സഹായിക്കുന്ന സമീപമാണ് സ്വീകരിച്ചതെന്ന് പ്രതിഷേധവുമായി എത്തിയ ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആരോപിച്ചു.
വാഹനാപകടത്തിൻ നിർധന ദമ്പതികൾ മരിക്കാനിടയാക്കിയ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുന്ന നില പാടാണ് ആദ്യം മുതൽ കിളിമാനൂർ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പഴയകുന്നുമ്മൽ പഞ്ചായത്തംഗം അഡ്വ. സിജിമോൾ 'മാധ്യമ'ത്തോട് പ്രതികരിച്ചു. സി.ഐയെ അന്വേഷണത്തിൽ നിന്ന് മാറ്റി നിർത്തുകയും അടിയന്തിരമായി സ്ഥലം മാറ്റുകയും വേണം. ഇല്ലെങ്കിൽ കേസന്വേഷണം അട്ടിമറിക്കപ്പെടും. ഇദ്ദേഹം കിളിമാനൂരിൽ ചാർജെടുത്തശേഷം ഒരു കേസിൽ പോലും പാവങ്ങൾക്ക് നീതി ലഭി ച്ചിട്ടില്ലെന്നും അവർ പ്രതികരിച്ചു.
വാഹനാപകടത്തിൽ യുവദമ്പതികൾ മരിച്ച സംഭവം അത്യന്തം ഖേദകരമാണെന്നും ഇതിന് കാരണക്കാരായ പ്രതിയെ അടിയന്തിരമായി കണ്ടെത്തണമെന്നും ഒ.എസ് അംബിക എം.എൽ.എ പ്രതികരിച്ചു. അന്വേഷണം ഊർജിതമാക്കണമെന്നും യഥാർഥ പ്രതിയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും എം.എൽ.എ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.