നഗരൂർ പഞ്ചായത്തിൽ പന്നികൾ നശിപ്പിച്ച കൃഷി
കിളിമാനൂർ: രൂക്ഷമായ പന്നിശല്യം നേരിടുന്ന നഗരൂർ പഞ്ചായത്തിൽ ഷൂട്ടർമാരെ നിയമിച്ചിട്ട് ഒരാഴ്ചയായെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ, ഇനിയും ഒരാളെപ്പോലും കണ്ടില്ലല്ലോയെന്ന് കീഴ്പേരൂരിലെ കർഷകർ. നെൽചെടികളിൽ കതിര് വന്നതോടെ പാടശേഖരത്തിലെ പന്നിശല്യം രൂക്ഷമായതായും കർഷകർ പറയുന്നു. നഗരൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പാടശേഖരമാണ് കീഴ്പേരൂർ. കീഴ്പേരൂർ തെക്കുംഭാഗം ഏലായിൽ 20 ഏക്കറിലും കീഴ്പേരൂർ പാടശേഖരത്തിൽ ഏഴ് ഹെക്ടറിലുമാണ് നിലവിൽ നെൽകൃഷി. രണ്ട് ഏലകളിലും ഞാറുകളിൽ കതിരു വന്നു തുടങ്ങിയിട്ടുണ്ട്.
കൃഷിഭവനിൽ നിന്ന് കർഷകർക്ക് ഉപകാരപ്രദമായ ഒന്നും കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. പണം കടം വാങ്ങിയും പലിശക്കെടുത്തുമാണ് കർഷകർ കൃഷിയിറക്കുന്നത്. കൃഷി നഷ്ടമായതോടെ പഞ്ചായത്തിലെ ചിന്ത്രനെല്ലൂർ, മുട്ടച്ചൽ അടക്കമുള്ള ഏലാകളിൽ പലതും നെൽകൃഷി അവസാനിപ്പിച്ചിരിക്കയാണ്. ഹെക്ടർ കണക്കിന് കൃഷിഭൂമിയാണ് തരിശായി കിടക്കുന്നത്. ഇവ കണ്ടെത്താനോ കർഷകരെ നെൽകൃഷിയിലേക്ക് തിരികെ കൊണ്ടുവരാനോ ഒരു നടപടിയും കൃഷിഭവന്റെയോ പഞ്ചായത്തിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. വർഷങ്ങളായി തരിശുനിലങ്ങളായി കിടന്ന പ്രദേശത്ത് പലരും മരച്ചീനി, വാഴ, പച്ചക്കറിയിനങ്ങൾ എന്നിവ കൃഷി ചെയ്തുതുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയും പന്നിക്കൂട്ടം നശിപ്പിക്കുകയാണ്.
പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലേറി ആദ്യം പ്രഖ്യാപിച്ചത് പഞ്ചായത്തിൽ കർഷകർ നേരിടുന്ന പന്നി ശല്യത്തിന് അറുതിവരുത്തുമെന്നായിരുന്നു. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ജനുവരി 25ന് കീഴ്പേരൂർ പാടശേഖരങ്ങളിൽ പന്നിശല്യത്തെ കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. തുടർന്നാണ് പന്നിയെ പിടികൂടാൻ ഷൂട്ടർമാരെ നിയമിച്ച് പഞ്ചായത്ത് ഉത്തരവായത്. പഞ്ചായത്തിലെ രാലൂർക്കാവ് മേഖലയിൽ ഷൂട്ടർമാർ ഒന്നിലേറെ പന്നികളെ വെടിവെച്ച് കൊല്ലുകയും ചെയ്തു. എന്നാൽ, പിന്നീട് ഇവരെ കാണാനില്ലെന്നാണ് കർഷകരുടെ ആക്ഷേപം.
മടവൂർ അടക്കമുള്ള സമീപ പഞ്ചായത്തുകളിൽ പന്നികളെ പിടികൂടൽ തകൃതിയായി നടക്കുന്നുണ്ട്. നഗരൂർ, വെള്ളല്ലൂർ, നന്തായ് വനം, തിരുവറ്റൂർ, കേശവപുരം, രാലൂർക്കാവ് അടക്കമുള്ള ഏലാകളിലും പന്നിശല്യത്താൽ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. കീഴ്പേരൂർ ഏലയിൽ കഴിഞ്ഞ രാത്രിയിലും നിരവധി വയലുകളിലെ നെൽച്ചെടികൾ പന്നികളുടെ ആക്രമണത്തിൽ നശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.