കീഴ്പേരൂർ പാടശേഖരങ്ങളിൽ പന്നിശല്യം രൂക്ഷം

കിളിമാനൂർ: ‘‘സാറെ, നിങ്ങൾ മാരത്തൺ ചർച്ചകൾ നടത്തി വരുമ്പോഴേക്കും കൃഷിയെല്ലാം പന്നികൾ നശിപ്പിക്കും. പിന്നെ ഷൂട്ടർമാരുടെ ആവശ്യം ഞങ്ങൾക്ക് വേണ്ടിവരില്ല...’’ നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനോട് കീഴ്പേരൂർ ഏലയിലെ നെൽകർഷകരുടെ പരാതിയാണിത്.

പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പാടശേഖരമാണ് കീഴ്പേരൂർ. കീഴ്പേരൂർ തെക്കുംഭാഗം ഏലായിൽ 20 ഏക്കറിലും കീഴ്പേരൂർ പാടശേഖരത്തിൽ ഏഴ് ഹെക്ടറിലുമാണ് നെൽകൃഷിയുള്ളത്. രണ്ട് ഏലകളിലും ഞാറുകളിൽ കതിരു വന്നുതുടങ്ങിയിട്ടുണ്ട്. കൃഷിഭവൻ തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം.

ആയിരക്കണക്കിന് രൂപ കടം വാങ്ങിയും പലിശക്കെടുത്തുമാണ് ഇപ്പോഴും കൃഷിയിറക്കുന്നത്. നഷ്ടത്തിലായതോടെ പഞ്ചായത്തിലെ ചിന്ത്രനെല്ലൂർ, മുട്ടച്ചൽ അടക്കമുള്ള ഏലകളിൽ പലതും നെൽകൃഷി മതിയാക്കി. ഹെക്ടർ കണക്കിന് കൃഷഭൂമിയാണ് തരിശായി കിടക്കുന്നത്. ഇവ കണ്ടെത്താനോ കർഷകരെ നെൽകൃഷിയിലേക്ക് തിരികെ കൊണ്ടുവരാനോയുള്ള ഒരു നടപടിയും കൃഷിഭവന്‍റെയോ പഞ്ചായത്തിന്‍റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

വർഷയങ്ങളായി തരിശായി കിടന്ന പ്രദേശത്ത് പലരും മരച്ചീനി, വാഴ, പച്ചക്കറിയിനങ്ങൾ എന്നിവ കൃഷി ചെയ്തു. എന്നാൽ അവയും സംഘമായി എത്തുന്ന പന്നിക്കൂട്ടം നശിപ്പിക്കുകയാണ്. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലേറി ആദ്യം പ്രഖ്യാപിച്ചത് പന്നിശല്യത്തിന് അറുതിവരുത്തുമെന്നായിരുന്നു. മടവൂർ അടക്കമുള്ള സമീപ പഞ്ചായത്തുകളിൽ പന്നികളെ ഷൂട്ടു ചെയ്യാൻ അംഗീകൃത ഷൂട്ടർമാരെ നിയമിച്ചിട്ടും നഗരൂരിൽ ഇനിയും നടപടിയായില്ല. നഗരൂർ, വെള്ളല്ലൂർ, നന്തായ് വനം, തിരുവറ്റൂർ, കേശവപുരം, രാലൂർക്കാവ് അടക്കമുള്ള ഏലകളിലും പന്നിശല്യം മൂലം നെൽകർഷകർ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. 

Tags:    
News Summary - Pig infestation is severe in the paddy fields of Keezhperoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.