തിരുവനന്തപുരം: രണ്ടരക്കോടിയുടെ മരം വിൽപന നടത്തിയതിൽ കേരള വനം വികസന കോർപറേഷന് (കെ.എഫ്.ഡി.സി) അരക്കോടിയിലേറെ രൂപ നഷ്ടമുണ്ടായതിൽ കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തി. അരിപ്പയിലെ തോട്ടങ്ങളിൽനിന്ന് മരം മുറിച്ചതിൽ പണം അടക്കാത്ത പാങ്ങോട് സ്വദേശി രാജനെയാണ് വനം വകുപ്പിന്റെ തടിലേലം അടക്കമുള്ളവയിൽ പങ്കെടുക്കുന്നത് വിലക്കി കരിമ്പട്ടികയിലാക്കിയത്. കെ.എഫ്.ഡി.സിക്ക് വൻ നഷ്ടമുണ്ടാക്കിയ മരംമുറി ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്.
മരംവിൽപനയിൽ കരാറുകാരൻ ഒരുകോടി രൂപയുടെ കുടിശ്ശിക വരുത്തിയെങ്കിലും 52 ലക്ഷം രൂപയുടെ നഷ്ടമാണ് കോർപറേഷനുണ്ടായതെന്ന് എം.ഡി രാജു കെ. ഫ്രാൻസിസ് ‘മാധ്യമ’ത്തോട് പറഞ്ഞു.മുറിക്കാതെ അവശേഷിച്ച മരങ്ങളുടെ മൂല്യം കണക്കാക്കിയപ്പോഴാണ് നഷ്ടം 52 ലക്ഷമെന്ന് കണക്കാക്കിയത്. ഇയാളിൽനിന്ന് ഈ തുക ഈടാക്കാൻ സ്വത്ത് കണ്ടുകെട്ടലടക്കമുള്ള നിയമനടപടി സ്വീകരിക്കാൻ വനംവകുപ്പിനോട് ശിപാർശ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അരിപ്പ സബ് യൂനിറ്റിലെ യൂക്കാലി, അക്കേഷ്യ അടക്കമുള്ളവ മുറിച്ചുകൊണ്ടുപോകാൻ എം.എസ്.ടി.സി ഇ-ലേലത്തിലൂടെയാണ് കരാർ നൽകിയത്. 8.474 ഹെക്ടർ തോട്ടത്തിലെ യൂക്കാലിപ്റ്റസ് മുറിക്കാൻ നികുതിയടക്കം 1.81 കോടിയും 12.75 ഹെക്ടർ തോട്ടത്തിലെ യൂക്കാലിപ്റ്റസ് ഹൈബ്രിഡ് മുറിക്കാൻ 69 ലക്ഷം രൂപയുമാണ് കരാർ പ്രകാരം അടക്കേണ്ടത്. എന്നാൽ, ആദ്യ തോട്ടത്തിലെ മുഴുവൻ മരവും മുറിച്ചപ്പോൾ 1.35 കോടിയും രണ്ടാം തോട്ടത്തിലെ 5.71 ഹെക്ടറിലെയൊഴികെ മരങ്ങൾ മുറിച്ചപ്പോൾ 15 ലക്ഷം രൂപയും മാത്രമാണ് അടച്ചത്.
ആദ്യ തോട്ടത്തിലെ കരാർ തുകയിൽ 46.40 ലക്ഷവും രണ്ടാം തോട്ടത്തിലെ 54.08 ലക്ഷം രൂപയുമാണ് കെ.എഫ്.ഡി.സിക്ക് കുടിശ്ശികയായത്. പണം അടക്കുന്നതിനനുസരിച്ചേ മരങ്ങൾ മുറിച്ചുകൊണ്ടുപോകാവൂ, പണമടച്ച ഇൻവോയ്സ് പ്രകാരമേ മരം കൊണ്ടുപോകാനുള്ള പാസ് അനുവദിക്കാവൂ എന്നീ വ്യവസ്ഥകൾ കരാറിലുണ്ടെങ്കിലും ഉദ്യോഗസ്ഥർ കണ്ണടച്ചതാണ് നഷ്ടമുണ്ടാക്കിയത്.
സംഭവത്തിൽ കെ.എഫ്.ഡി.സി തിരുവനന്തപുരം ഡിവിഷനൽ മാനേജർ, അരിപ്പ സബ് യൂനിറ്റ് മാനേജർ, അസി. മാനേജർ എന്നിവർക്കെതിരെ പ്രാഥമികാന്വേഷണം നടന്നിരുന്നു. നിലവിൽ വിജിലൻസ് സെല്ലിനോട് അന്വേഷിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.