കാര്യവട്ടത്തെ സൗഹൃദമത്സരത്തിന് ശേഷം ആരാധകർക്കൊപ്പം സെൽഫി എടുക്കുന്ന സഞ്ജു സാംസൺ
തിരുവനന്തപുരം: ചെപ്പോക്കിന് ‘തല’ ധോണിയും ചിന്നസ്വാമി സ്റ്റേഡിയത്തിന് ‘കിങ്ങ്’ കോഹ് ലിയും വാങ്കഡെക്ക് ‘ഹിറ്റ്മാൻ’ രോഹിത്ത് ശർമയെയും പോലെയാണ് കാര്യവട്ടം ഗ്രീൻഫീൽഡിന് ‘ചേട്ടൻ’ സഞ്ജു സാംസൺ. ആവേശത്തിനപ്പുറം ഓരോ മലയാളി ക്രിക്കറ്റ് ആരാധകർക്കും സഞ്ജു വികാരമായി മാറുന്ന നിമിഷം. കേരള ക്രിക്കറ്റ് ലീഗിനോടനുബന്ധിച്ച് വെള്ളിയാഴ്ച കെ.സി.എ ഒരുക്കിയ സന്നാഹമത്സരത്തിൽ സഞ്ജുവിനെ കാണാനായി മാത്രം ഒഴുകിയെത്തിയവരായിരുന്നു ഏറെയും. കളത്തിൽ 22 പേരുണ്ടായപ്പോഴും കാര്യവട്ടത്തെ ക്രിക്കറ്റ് ലോകം സഞ്ജുവിൽ മാത്രം ചുറ്റിത്തിരിയുകയായിരുന്നു.
സച്ചിൻ ബേബിയെ സിജോമോന്റെ പന്തിൽ സ്ലിപിൽ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു പിടിച്ച് പുറത്താക്കുമ്പോൾ സ്റ്റേഡിയത്തിൽ മുഴങ്ങിയത് ഒരു പേരുമാത്രം ‘‘സഞ്ജൂ.. സഞ്ജൂ’’. കെ.സി.എ സെക്രട്ടറി ഇലവനിലെ ഓപണിങ് സ്ഥാനത്തേക്ക് വിഷ്ണു വിനോദിനൊപ്പം ആരാധകർ സഞ്ജുവിനെ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വിഷ്ണു വിനോദ് കൂറ്റനടികളുമായി മത്സരം മുന്നോട്ടുകൊണ്ടുപോകുമ്പോൾ സഞ്ജുവിനും കൂടി അടിക്കാനുള്ളത് ബാക്കി വെച്ചേക്കണെ എന്ന് കുട്ടികളടക്കം വിളിച്ചുപറയുന്നുണ്ടായിരുന്നു. ഒടുവിൽ നാലാമനായി ക്രീസിലെത്തിയ താരം തകർപ്പൻ സിക്സുകളുടെയും ഫോറുകളുടെയും അകമ്പടിയോടെ കളം നിറഞ്ഞപ്പോൾ, ഈ വിഴിഞ്ഞംകാരനെ വിരൽചൂണ്ടി കാര്യവട്ടം വിളിച്ചു പറഞ്ഞു. ‘‘ദിസ് ഈസ് ഔവർ മല്ലു സാംസൺ.’’
അവഗണനയുടെയും നിർഭാഗ്യത്തിന്റെയും ആലയിൽ ചുട്ടുപഴുത്ത ഇരുമ്പിന്റെ പേരാണ് സഞ്ജു വിശ്വനാഥൻ സാംസൺ. അതുകൊണ്ടുതന്നെ കാര്യവട്ടത്തെ സഞ്ജുവിന്റെ ഓരോ റണ്ണും സെഞ്ച്വറിപോലെ ആഘോഷിക്കുകയായിരുന്നു ഗ്രീൻഫീൽഡ്. ഫോമിന്റെ പരകോടിയിലുള്ളപ്പോഴും ഇന്ത്യൻ ടീമിനായി വെള്ളം ചുമന്ന് ഓടേണ്ടിവന്നവന്റെ ദുഖം ഗ്രീൻഫീൽഡ് കണ്ടിട്ടുണ്ട്.
വിദേശപരമ്പരകളിൽ ടീമിലെടുത്തിട്ടും അവസരം ലഭികാതെയാകുമ്പോൾ ടാക്സി വാടകക്കെടുത്ത് ആ നാട് ചുറ്റിക്കാണാൻ പോകുന്നതിനെക്കുറിച്ച് സഞ്ജു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വിയർപ്പുതുന്നിയിട്ട കുപ്പായത്തോട് മലായാളികൾക്ക് ആരാധനയല്ല, മറിച്ച് ഒറ്റക്ക് വഴിവെട്ടിവന്നവനോടുള്ള ബഹുമാനമായിരുന്നു വെള്ളിയാഴ്ച ഗ്രീൻഫീൽഡ് പ്രകടിപ്പിച്ചത്. കാര്യവട്ടത്ത് ഇന്ത്യയുടെ ഓരോ മത്സരം പ്രഖ്യാപിക്കുമ്പോഴും ടീമിൽ സഞ്ജുവുണ്ടോയെന്നായിരിക്കും ആരാധകർ ഉറ്റ് നോക്കാറ്.
സഞ്ജുവിനോടുള്ള ബി.സി.സി.ഐയുടെ ചിറ്റമ്മനയത്തിൽ പ്രതിഷേധിച്ച് ഒരിക്കൽ ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി-ട്വന്റി മത്സരത്തിനെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾക്കെതിരെ എയർപോർട്ടിൽ സഞ്ജുവിന്റെ പേര് മാത്രം ഉറക്കെ വിളിച്ചാണ് ആരാധകർ പ്രതിഷേധിച്ചത്. അന്ന് അരാധകരെ തണുപ്പിക്കാൻ സുഹൃത്തായ സൂര്യകുമാർ യാദവിന് മൊബൈൽ ഫോണിൽ സഞ്ജുവിന്റെ ഫോട്ടോ ആരാധകർക്ക് മുന്നിൽ ഉയർത്തിക്കാണിക്കേണ്ടിവന്നു. ഇന്ത്യൻ ജേഴ്സിയിൽ കാര്യവട്ടത്ത് സഞ്ജു ഒരിക്കലെങ്കിലും കളിക്കുന്നത് കാണാനുള്ള ആഗ്രഹമായിരുന്നു ആ പ്രതിഷേധങ്ങൾക്ക് പിന്നിൽ. വരുന്ന ജനുവരിയിൽ ഇന്ത്യ-ന്യൂസിലാൻഡ് ട്വന്റി-ട്വന്റി മത്സരം കാര്യവട്ടത്ത് പ്രഖ്യാപിച്ചിരിക്കെ സഞ്ജു ടീമിൽ ഉണ്ടാകുമോയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്.
ഇന്ത്യൻ ടീമിലും ഐ.പി.എല്ലിലും കളിക്കണമെങ്കിൽ ആദ്യം വേണ്ടത് തന്റേടമാണെന്ന് സഞ്ജു പറയുന്നു. നാട്ടുകാർ നമുക്കൊപ്പം ഉണ്ടെങ്കിൽ ആ തന്റേടം തനിയെത്തുമെന്നുമാണ് സഞ്ജുവിന്റെ പക്ഷം. ‘‘പലപ്പോഴും തനിക്കായി വേണ്ടിയുള്ള ആരാധകരുടെ സമൂഹമാധ്യമങ്ങളിലെ രോക്ഷപ്രകടനം വേണ്ടെന്ന് തോന്നിയിട്ടുണ്ടെങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കാൻ പാടില്ലെന്നും തോന്നിയിട്ടുണ്ട്. നാട്ടുകാരുടെ സ്നേഹം വലിയൊരു അനുഗ്രഹമാണ്. അത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല’’- സഞ്ജു പറയുന്നു. ശനിയാഴ്ച പുലർച്ചെ മത്സരം അവസാനിച്ച ശേഷവും തന്നെ കാണാൻ സ്റ്റേഡിയത്തിൽ നിലയുറപ്പിച്ച ആരാധകരെ നേരിട്ട് കണ്ടും അവർക്കൊപ്പം സെൽഫിയുമെടുത്താണ് താരം മടങ്ങിയത്. കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ദിനമായ 21ന് രാത്രി 7.30ന് കൊച്ചി ബ്ലൂടൈഗേഴ്സിന് വേണ്ടി സഞ്ജു വീണ്ടും ഇറങ്ങും.
സ്വാതന്ത്ര്യദിന സന്ധ്യയിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വർണ്ണവിസ്മയത്തിലാറാടി. പുതുതായി സ്ഥാപിച്ച അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്ലൈറ്റുകൾക്ക് മിഴി തുറന്നപ്പോൾ സ്റ്റേഡിയവും പരിസരവും അക്ഷരാർത്ഥത്തിൽ പ്രകാശപൂരത്തിൽ മുങ്ങി.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ലൈറ്റുകളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ 18 കോടി രൂപ ചെലവഴിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.